ഭയവും മരുഭൂമികളും താണ്ടി 53 ദിവസം; ടുണീഷ്യയിൽ നിന്നും മക്കയിലേക്ക് സൈക്കിലെത്തി സാറ
Tuesday, February 11, 2020 2:44 PM IST
ടുണീഷ്യൻ സഞ്ചാരി സാറ ഹാബ സൈക്കിളിൽ സഞ്ചരിച്ച് മക്കയിലെത്തി . 53 ദിവസമെടുത്താണ് ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽനിന്ന് സുഡാൻ വഴി സാറ സൗദിയിലെത്തിയത്. ടുണീഷ്യക്കും ഈജിപ്തിനുമിടയിലെ ലിബിയയിലെ യുദ്ധവും സംഘർഷങ്ങളും മൂലം 32 കാരി കയ്റോയിൽ നിന്നാണ് സൈക്കിൾ യാത്ര ആരംഭിച്ചത്.
ഈജിപ്തിലെയും സുഡാനിലെയും മരുഭൂമികളിലൂടെയും കടുത്ത സാഹചര്യങ്ങളിലും ദിവസേന എട്ടു മണിക്കൂർ വീതം സൈക്കിളിൽ സഞ്ചരിച്ചാണ് താൻ മക്കയിലെത്തിയതെന്ന് സാറ പറഞ്ഞു.
യാത്രയിൽ ചില സമയങ്ങളിൽ ഭീതിയും പിടികൂടിയിരുന്നു. എന്നാൽ ഏതു വിധേനയും ദൗത്യം പൂർത്തിയാക്കണമെന്ന ഇഛാശക്തി ഭീതിയെ മറികടന്നു. 3300 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ കയ്റോയിൽനിന്ന് അപ്പർ ഈജ്പിതിലെയും (സഈദ്) ഉത്തര സുഡാനിലെയും നിരവധി ഗ്രാമങ്ങളും നഗരങ്ങളും താണ്ടിയ താൻ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലേക്ക് കപ്പലിലാണ് സഞ്ചരിച്ചത്. ജിദ്ദയിൽനിന്ന് സൈക്കിളിൽ മക്ക യാത്ര പൂർത്തിയാക്കി. ടൂറിസ്റ്റ് വീസയിലാണ് സൗദിയിൽ പ്രവേശിച്ചത്.
ജിദ്ദയിലുള്ള പട്രോൾ പോലീസുകാർ അടക്കം യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഭൂരിഭാഗം ആളുകളും തന്നെ പ്രോത്സാഹിപ്പിച്ചെന്നും സാറ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് താൻ ഉംറ നിർവഹിക്കുന്നതെന്നും ഈ യാത്ര വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് മറ്റുള്ളവരെ പോലെ തുനീഷ്യയിൽനിന്ന് വിമാന മാർഗം സൗദിയിലേക്ക് യാത്ര തിരിക്കാതെ പകരം സൈക്കിൾ യാത്ര തെരഞ്ഞെടുത്തതെന്നും സാറ ഹാബ പറഞ്ഞു.
സൈക്കിളിൽ പുണ്യഭൂമിയിലെത്തി ഉംറ നിർവഹിക്കുന്ന ആദ്യത്തെ വിദേശ വനിതയാണ് സാറ ഹാബ.