ലോക്ക്ഡൗണിനു പുല്ലുവില; റോഡിൽ പേരക്കുട്ടിക്കൊപ്പം എംഎൽഎയുടെ കുട്ടിക്കളി
Sunday, March 29, 2020 12:31 PM IST
രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കെ പേരക്കുട്ടിക്കൊപ്പം റോഡിൽ കളിപ്പാട്ട വാഹനം ഓടിച്ച് കർണാടകയിലെ എംഎൽഎ. ഗുബ്ബിയിലെ ജെഡിഎസ് എംഎല്‍എ എസ്.ആര് ശ്രീനിവാസാണ് ചട്ടങ്ങൾ ലംഘിച്ച് റോഡിൽ ഇറങ്ങിയത്.
തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ എസ്പി ഓഫീസിന് മുന്നിലായിരുന്നു എംഎല്‍എ പേരക്കുട്ടിക്കൊപ്പം കളിപ്പാട്ട വാഹനവുമായി റോഡിലിറങ്ങിയത്. ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ അദ്ദേഹം പിൻമാറി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലോക്ക് ഡൗൺ നിലനിൽക്കെ എംഎൽഎമാർ പോലും നിയമ ലംഘനം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.