തിരുവോണനാളിൽ ബസിൽ കയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു. ഡ്രൈവർ സീറ്റിൽ സാക്ഷാൽ‌ മാവേലിത്തമ്പുരാൻ. കിരീടവും കുടവയറുമൊക്കെയായി ചിരിച്ചു വളയം പിടിക്കുന്ന മാവേലി വഴിയരികിലുള്ളവരെ കൈവീശി ആശംസകൾ നേരുന്നു. സൂക്ഷിച്ചു നോക്കിയപ്പോളാണ് സംഗതി പിടികിട്ടിയത്. ഡ്രൈവർ അഖിൽ തന്നെയാണ് കക്ഷി.

എരുമേലി- മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ഫായിസ് മോൻ (പറക്കവെട്ടി) ബസിലാണ് ഈ അപൂർവ കാഴ്ച അരങ്ങേറിയത്. തിരുവോണനാളിൽ യാത്രക്കാർക്ക് ഓണാശംസകൾ അറിയിക്കാൻ ബസ് ജീവനക്കാർ ഡ്രൈവറെ മാവേലിയാക്കിയാണ് സർവീസ് നടത്തിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.