28-ാം വയസില്‍ ഒമ്പത് കുട്ടികളുടെ അമ്മ; ആദ്യത്തെ കണ്‍മണി 17-ാം വയസില്‍
ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ ആഘോഷമായി. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്‍റെ എട്ടു മക്കളെയും പരിചയപ്പെടുത്തുന്നത് (മൂന്നാമത്തെ കുട്ടി ഏഴു ദിവസം പ്രായമായപ്പോഴേക്കും മരിച്ചു).

കൊറയ്ക്ക് 17 വയസുള്ളപ്പോഴാണ് ആദ്യത്തെ കുഞ്ഞു പിറക്കുന്നത്. 2012ൽ ഇരുപത്തിയെട്ടാം വയസില്‍ ഒമ്പതാമത്തെ കുട്ടിയും പിറന്നു. കൊറയ്ക്ക് ഇപ്പോള്‍ 39 വയസുണ്ട്. നാല്പത്തിയെന്നുകാരനായ ആന്‍ഡ്രേ ഡ്യൂക്ക് ആണ് കൊറയുടെ ഭര്‍ത്താവ്. ബിസിനസുകാരനായ ആന്‍ഡ്രേയും കൊറയും എട്ടു മക്കളും താമസിക്കുന്നത് അമേരിക്കയിലെ ലാസ് വേഗാസിൽ.താന്‍ ഒരിക്കലും ഒമ്പതു കുട്ടികളുടെ അമ്മയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു കൊറ പറയുന്നു. എന്നാൽ, തനിക്കു ധാരാളം കുട്ടികളുണ്ടാകുമെന്നു തന്‍റെ ഭാവി പ്രവചിച്ച ആള്‍ പറഞ്ഞിരുന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കൊറ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആന്‍ഡ്രേയെ കാണുന്നതും തുടര്‍ന്നു പ്രണയത്തിലാകുന്നതും. യൗവനാരംഭത്തില്‍ത്തന്നെ കുടുംബജീവിതം ആരംഭിച്ച താന്‍ അതീവ സന്തുഷ്ടയാണെന്നും കൊറ പറയുന്നു.

ടിക് ടോക്കിലൂടെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊറ മക്കളെ പരിചയപ്പെടുത്തുന്നത്. ഏലിയാ (21), ഷിന (20), ഷാന്‍ (17), കെയ്റോ (16), സയ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നിവരാണ് കൊറയുടെ മക്കള്‍. വീഡിയോ പങ്കുവച്ച് ഉടന്‍തന്നെ കൊറയ്ക്ക് ആശംസകള്‍ അറിയിച്ചും വിമര്‍ശിച്ചും ധാരാളം കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇടവേളകളില്ലാതെയുള്ള ഗര്‍ഭധാരണം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായവും പങ്കുവച്ചു ചിലര്‍.
2018ല്‍ അമേരിക്കയില്‍ ഗാലപ്പ് നടത്തിയ സര്‍വേയില്‍ ശേഖരിച്ച വിവരമനുസരിച്ച് മൂന്നോ അതിലധികമോ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായാണു കണ്ടെത്തല്‍. 41 ശതമാനം പേരും ഇതിനെ അനുകൂലിക്കുന്നതായും കണ്ടെത്തി. എന്നാല്‍, സാമ്പത്തിക-അടിസ്ഥാന പ്രശ്നങ്ങള്‍ കാരണം കുട്ടികളുടെ എണ്ണം കുറയ്ക്കുകയാണ് ദമ്പതികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.