അഭ്യാസപ്രകടനം പാളി; 1.2 കോടി രൂപയുടെ കാറിന് തീപിടിച്ചു, വീഡിയോ കാണാം
Friday, January 22, 2021 8:20 PM IST
വാഹനങ്ങൾകൊണ്ട് റോഡിൽ അഭ്യാസം നടത്തുകയെന്നത് ചിലരുടെ ശീലമാണ്. കാറായാലും ബൈക്കായാലും ഇക്കാര്യത്തിൽ വിത്യാസമില്ല. ബൈക്കുകൊണ്ടാണ് അഭ്യാസമെങ്കിൽ, ഹാൻഡിലിൽ പിടിക്കാതെ ഓടിക്കുക, മുൻടയർ ഉയർത്തി ഓടിക്കുക തുടങ്ങി പല കലാപരിപാടികളുമുണ്ട്. ഇനി കാറിലാണെങ്കിൽ ഡ്രിഫ്റ്റ് ചെയ്യുക, ബേൺഔട്ട്സ് (കാറിന്റെ ടയർ റോഡിൽ ഉരഞ്ഞ് പുക വരുത്തുന്നത്) ചെയ്യുക തുടങ്ങിയവയാണ് അഭ്യാസങ്ങൾ.
ഈ അഭ്യാസങ്ങൾക്കിടയിൽ അപകടങ്ങളും ധാരാളം സംഭവിക്കാറുണ്ട്. പരിചയമില്ലാത്തവരാണ് ചെയ്യുന്നതെങ്കിൽ അപകടം ഉറപ്പ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഓസ്ട്രേലിയയിലാണ് സംഭവം. ആഡംബര കാറായ ബെൻസിലായിരുന്നു യുവാക്കളുടെ അഭ്യാസം നടത്താനുള്ള ശ്രമം. ബേൺഔട്ട്സാണ് യുവാക്കൾ ചെയ്യാൻ ശ്രമിച്ചത്. പക്ഷെ സംഗതി പാളി.
കാറിന്റെ പിൻടയറിന് തീപിടിച്ചു. പിന്നാലെ കാർ മുഴുവൻ കത്തിനശിച്ചു. ഏകദേശം 1.2 കോടി രൂപ വില വരുന്ന ബെൻസ് കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏതായാലും റോഡിൽ അഭ്യാസത്തിന് ഇറങ്ങും മുന്പ് ഈ വീഡിയോ ഒന്നു കണ്ടിരിക്കുന്നത് നല്ലതാണ്.