"പിന്നെ ഉള്ളത് നാട് വിടുക എന്നതാണ്, അതാണ് കുട്ടികൾ ചെയ്യുന്നത്!'
തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് പോകുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ജി20 പദ്ധതിയുടെ ഡയറക്‌ടറും ദുരന്ത നിവാരണ വിദഗ്ധനുമായ ഡോ. മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്‍റെ പൂർണരൂപം:

ഞാൻ വളരെ താത്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളാണ് സന്തോഷ് ജോർജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ചതിന്‍റെയും സഞ്ചരിക്കുന്ന സമയത്ത് കണ്ണും കാമറയും മാത്രമല്ല മനസും തുറന്നിരുന്നതിന്‍റെയും പ്രതിഫലനമാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.

കേരളത്തിലെ പുതിയ തലമുറ നാട് വിട്ടു പോകുന്നതിനെപ്പറ്റി അദ്ദേഹം പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. "നാട്ടിൽ വിജയം കണ്ടവർക്കാർക്കും വിദേശത്തേക്കു പോകണമെന്നില്ല. മമ്മൂട്ടിയോട് ന്യൂസിലൻഡിൽ ജോലി തരാമെന്നു പറഞ്ഞാൽ അദ്ദേഹം പോകുമോ? പിണറായി വിജയൻ പോകുമോ’. പതിവുപോലെ അദ്ദേഹത്തിന്‍റെ കൃത്യമായ നിരീക്ഷണമാണ് ഇതും.

അപ്പോൾ പിന്നെ നാം ശ്രദ്ധിക്കേണ്ടത് ആരാണ് കേരളത്തിൽ ‘വിജയിക്കുന്നത്’ എന്നാണ്. വിജയത്തിന്‍റെ മാനദണ്ഡം എന്താണെന്നതാണ്. പണമല്ല വാസ്തവത്തിൽ വിജയത്തിന്‍റെ അംഗീകാരമായി ആളുകൾ കാണുന്നത്. സമൂഹത്തിന്‍റെ അംഗീകാരമാണ്. അങ്ങനെ നോക്കുന്പോൾ സിനിമ, സ്പോർട്സ്, രാഷ്ട്രീയം, മതം, ബ്യൂറോക്രസി ഇവയിലൊക്കെ നേതൃത്വത്തിലുള്ളവരാണ് കേരളത്തിൽ ഇപ്പോൾ ഏറ്റവും ‘വിജയം’ നേടി നിൽക്കുന്നത്. മാധ്യമങ്ങൾ അവരെയാണ് ഉയർത്തിക്കാട്ടുന്നതും.

മറ്റു രംഗങ്ങളിലുള്ളവർക്ക് വളരെ കുറച്ചു സാമൂഹ്യ അംഗീകാരം മാത്രമാണ് കിട്ടുന്നത്. നിർഭാഗ്യവശാൽ ‘വിജയത്തിനുള്ള’ അവസരങ്ങൾ അധികം ഇല്ല. ഉദാഹരണത്തിന് കേരളത്തിൽ രാഷ്ട്രീയത്തിൽ വിജയം എന്ന് പറയണമെങ്കിൽ ചുരുങ്ങിയത് ഒരു എംഎൽഎ എങ്കിലും ആകണം. മൂന്നരക്കോടി ജനങ്ങൾക്ക് 140 എംഎൽഎമാരും ഇരുപത് എംപിമാരുമുള്ള ഒരു സംസ്ഥാനത്ത് അത് വളരെ ചെറിയ ചാൻസ് ആണ്.

സിനിമയിലും സ്പോർട്സിലും ഒക്കെ അവസരങ്ങൾ അതിലും കുറവാണ്. സിവിൽ സർവീസ് പാസായി ബ്യൂറോക്രസിയിൽ എത്തുന്നതൊഴിച്ച് മറ്റു രംഗങ്ങളിൽ ശ്രദ്ധിക്കപ്പെടാനോ മുകളിലേക്ക് പോകാനോ ആ രംഗത്തുള്ള അപ്പന്മാരോ തലതൊട്ടപ്പന്മാരോ വേണം എന്നതാണ് സ്ഥിതി. ഭൂരിഭാഗം ആളുകൾക്കും അതില്ല. അപ്പോൾ അവർ നാട് വിടുന്നു. അവരുടെ മനസിലെങ്കിലും അതൊരു വിജയമാണ്. ചുറ്റുമുള്ള സമൂഹവും അങ്ങനെ കാണുന്നു.

വിജയിച്ചു നിൽക്കുന്ന ഒരു ചെറിയ ന്യൂനപക്ഷവും പുറത്തുപോലും പോകാനാകാതെ നിൽക്കുന്ന ഒരു വലിയ പക്ഷവുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതിൽ വിജയികളുടെ എണ്ണം കൂട്ടുക എളുപ്പമല്ല. പിന്നെ ഉള്ളത് നാട് വിടുക എന്നതാണ്. അതാണ് കുട്ടികൾ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.