ഗുണ്ടാ സംഘത്തിലെ കുരങ്ങിന് ദാരുണാന്ത്യം; ദുഃഖം പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍
Monday, June 20, 2022 10:47 AM IST
മെക്സിക്കയില്‍ ഗുണ്ടാ സംഘാംഗങ്ങളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കുരങ്ങന്‍റെ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ.

ഗുണ്ടാ സംഘമായ "ലാ ഫാമില്യ മൈക്കോകാനയും’ മെക്സിക്കന്‍ അറ്റോര്‍ണി ജനറലിന്‍റെ കാര്യാലയത്തിലെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ 11 ഗുണ്ടകള്‍ മരിച്ചിരുന്നു.

എന്നാല്‍ ആ കൂട്ടത്തില്‍ ഒരു കുരങ്ങ് കൂടി കൊല്ലപ്പെട്ടതോടെയാണ് ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഗുണ്ടകളില്‍ ഒരാളുടേതായിരുന്നു ഈ ഒരു വയസുള്ള കുരങ്ങന്‍. ബുള്ളറ്റ് പ്രൂഫും കാക്കി ജാക്കറ്റും ധരിച്ച് ഉടമയുടെ തോളില്‍ ആയുധവുമായാണ് ഈ കുരങ്ങുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

"എല്‍ ചാംഗ്വിറ്റൊ’ എന്നു പേരിട്ടിരിക്കുന്ന കുരങ്ങന്‍ ചത്തു കിടക്കുന്ന ചിത്രം ആരോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യമിത് വ്യാജ വാര്‍ത്തയെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാലിത് യഥാര്‍ഥമാണെന്ന് മെക്സിക്കന്‍ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ എല്‍ ചാംഗ്വിറ്റൊ ചത്തു കിടക്കുന്ന ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഏതായാലും ഈ പാവം കുരങ്ങിന്‍റെ ദുര്‍ഗതിയില്‍ ദുഃഖം രേഖപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.