സാദാ വണ്ടി, കൈലിമുണ്ടും വള്ളിച്ചെരുപ്പും! ഓഫ്റോഡിലെ അച്ചായൻ!
Wednesday, October 28, 2020 6:38 PM IST
പാലാക്കാരൻ ബിനോ എന്നു പറഞ്ഞാൽ അധികം ആരും അറിയില്ല. ഓഫ് റോഡ് റേസിംഗ് നടത്തുന്ന ബിനോ എന്നു പറഞ്ഞാൽ അടുപ്പക്കാരിൽ കുറച്ചുപേർക്ക് അറിയാം. എന്നാൽ, ഓഫ് റോഡ് താരം പാലാക്കാരൻ അച്ചായൻ എന്നു പറഞ്ഞാൽ ഓഫ് റോഡ് പ്രേമികൾ അപ്പോൾ കൈയടിക്കും.
സിനിമയിലെ സൂപ്പർ സ്റ്റാറിനെപ്പോലെ കൈലിമുണ്ടുമുടുത്ത് ഓഫ് റോഡിൽ ജീപ്പ് പറത്തി വിജയം കൊത്തിയെടുക്കുന്ന പാലാക്കാരൻ അച്ചായൻ സോഷ്യൽ മീഡിയയിലും ട്രെൻഡിംഗ് ആണ്. ഓഫ് റോഡ് റേസിംഗിലെ മിന്നും താരമായ പാലാ കവീക്കുന്ന് സ്വദേശി ബിനോയ്ക്ക് ആരാധകരും ഏറെ.
പലവട്ടം ഓഫ് റോഡ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും വാഗമണിലെ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പിലെ തകർപ്പൻ വിജയമാണ് ബിനോയെ താരമാക്കി മാറ്റിയത്. ആർത്തുവിളിക്കുന്ന യുവാക്കൾക്കു നടുവിൽ കൈലിമുണ്ടുമുടുത്ത് ജീപ്പിനു മുകളിൽ നിൽക്കുന്ന ബിനോയുടെ ചിത്രം മാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ, അതിനും കുറെ വർഷം മുന്പു മുതൽ ഓഫ് റോഡ് മത്സരങ്ങളിലെ നിറസാന്നിധ്യമാണ് ബിനോയും സഹോദരൻ ജോസും.

തോട്ടത്തിലേക്കുള്ള യാത്ര
സ്കൂളിൽ പഠിക്കുന്പോൾ വളയം പിടിച്ചു തുടങ്ങിയതാണ് ഇരുവരും. ഇവരുടെ പിതാവിനു നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഉൾപ്രദേശമായ ഇവിടേക്കുള്ള യാത്രയിൽ വാഹനം ഓടിച്ചുള്ള പരിചയമാണ് ഓഫ് റോഡ് റേസിംഗിലെ ആദ്യ പരിചയസന്പത്ത്.
2004ലാണ് ഇപ്പോൾ ഉപയോഗിക്കുന്ന ജീപ്പ് വാങ്ങിയത്. 2014ൽ പാലായിൽ നടന്ന മത്സരത്തിലൂടെയാണ് ഈ രംഗത്തേക്കുള്ള തുടക്കം. പല മത്സരങ്ങളും ജയിച്ചിട്ടുണ്ടെങ്കിലും റേസിംഗിനായി പ്രത്യേക പരിശീലനമൊന്നും ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് കൗതുകകരം. ആ വാഹനത്തിന്റെ വിലയിൽ കൂടുതൽ സമ്മാനം റേസിംഗിലൂടെ ഇതിനകം നേടി.
ഇതൊരു സാദാ വണ്ടി!
ഓഫ് റോഡ് മത്സരത്തിനിറങ്ങുന്ന പലരും വാഹനങ്ങളിൽ ആധുനിക സംവിധാനങ്ങളും ക്രമീകരണങ്ങളുമൊക്കെ ഒരുക്കിയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാൽ, ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബിനോയും ജോസും വണ്ടിയുമായി ഇറങ്ങുന്നത്. വലിയ ടയർ ഉപയോഗിക്കുന്പോൾ അവ വാഹനത്തിന്റെ ബോഡിയിൽ ഉരയാതിരിക്കാൻ ചെറിയ ചില പണികൾ നടത്തിയിട്ടുണ്ട്. അതല്ലാതെ വേറെ ഒരു പണിയും വണ്ടിയിൽ നടത്തിയിട്ടില്ല.

സ്വന്തം വർക്ക്ഷോപ്പിൽ
വണ്ടിയുടെ അറ്റകുറ്റപ്പണി തീർക്കാൻ എങ്ങും തേടി നടക്കേണ്ടതില്ല. അറ്റകുറ്റപ്പണികളെല്ലം സ്വന്തം വർക്ക്ഷോപ്പിൽ തന്നെയാണ്. മറ്റു ചില വണ്ടികൾ വലിയ മോഡിഫിക്കേഷനൊക്കെ നടത്തിയിട്ടാണ് മത്സരത്തിനിറങ്ങുന്നത്. പക്ഷേ, അവരെയൊക്കെ പിന്തള്ളി പലപ്പോഴും ഞങ്ങൾ സമ്മാനം വാങ്ങിയിട്ടുണ്ട്.
മത്സര സ്ഥലത്തുവച്ചാണ് ജീപ്പിന്റെ ടയറുകൾ മാറ്റുന്നത്. ആദ്യം ട്രാക്ടർ ടയറായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഓഫ് റോഡിനു വേണ്ടിയുള്ള പ്രത്യേക ടയറാണ് ഉപയോഗിക്കുന്നത്. ഒരു ടയറിന് ഏകദേശം ഇരുപതിനായിരത്തോളം രൂപ വില വരും. മത്സരം കഴിയുന്പോൾ അവിടെവച്ചുതന്നെ വാഹനത്തിനു സാധാരണ ടയർ ഇടും.
നിയമം പാലിക്കണം
ടാറിട്ട റോഡിൽകൂടെ ഓഫ് റോഡിൽ ഉപയോഗിക്കുന്ന ടയർ ഇട്ടു വാഹനം ഓടിച്ചിട്ടില്ല. ആർടിഒമാരെല്ലാം ശല്യക്കാരല്ല. പിന്നെ, നിയമം വച്ചിരിക്കുന്നത് അതു പാലിക്കാൻ വേണ്ടിയാണ്. വലിയ ടയറുമായി പൊതുറോഡിൽ അഭ്യാസം നടത്തി, അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതൊന്നും നിയമപരമായി ശരിയല്ല. വലിയ ടയറുമായിട്ടു റോഡിൽക്കൂടി പോകുന്ന വണ്ടിയെ പേടിയോടെയാണ് ആളുകൾ നോക്കുന്നത്.
ഇതൊക്കെ വേണോ?
വലിയ ടയറും കാതുപൊട്ടുന്ന ഹോണും ചങ്കിടിപ്പു കൂട്ടുന്ന സൈലൻസറും വാഹനങ്ങൾക്ക് എന്തിനാണ്? വലിയ ടയറിട്ട് ഓടുന്ന വണ്ടിയിൽനിന്നുള്ള ചെളി ആളുകളുടെ ദേഹത്തും മറ്റു വണ്ടികളിലേക്കും തെറിക്കും. നിയമം അനുവദിക്കുന്ന ടയറുകൾ ഉപയോഗിച്ചാൽ യാതൊരു പ്രശ്നവുമില്ല. അതു മോഡിഫിക്കേഷനുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോഡിഫിക്കേഷൻ വാഹനമൊന്നും ഓഫ് റോഡ് റേസിംഗിൽ ഇതുവരെ കണ്ടിട്ടില്ല.
കൈലിമുണ്ടും വള്ളിച്ചെരുപ്പും
കൈലി മുണ്ടും വള്ളിച്ചെരുപ്പുമിട്ടാണ് എല്ലാ മത്സരത്തിലും ബിനോ പങ്കെടുക്കുന്നത്. പലരും ഇതിനെ വിമർശിക്കാറുണ്ടെന്ന് ഇവർ പറയുന്നു. പക്ഷേ, അവരുടെ ഈ ഡ്രസ് കോഡിനു പിന്നിൽ മറ്റൊരു കാര്യമുണ്ട്. - ഓഫ് റോഡ് റേസ് എന്നാൽ ചെളിയിലും ചേറിലുമുളള മത്സരമാണ്. എത്ര ശ്രദ്ധിച്ചാലും വസ്ത്രത്തിൽ ചെളിപറ്റും. ട്രാക്കിലെ ചെളി തുണിയിൽ പറ്റിയാൽ പിന്നെ പോകണമെങ്കിൽ നല്ല പണിയാണ്.
മത്സരത്തിനിടയ്ക്കു വാഹനത്തിന് എന്തെങ്കിലും കേടു സംഭവിച്ചാലും അതു നന്നാക്കണമെങ്കിലും കൈലിയാണ് സൗകര്യം. അതുകൊണ്ടാണ് കൈലി മുണ്ടുടുത്തു മത്സരത്തിൽ പങ്കെടുക്കുന്നത്. കൈലി മുണ്ടുടുത്തു ചെന്നതിന്റെ പേരിൽ പല സ്ഥലത്തുനിന്നും കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. മത്സരം കഴിയുന്പോൾ ഞങ്ങളുടെ കൈയിൽ സമ്മാനം ഇരിക്കുന്നതു കാണുന്പോൾ കളിയാക്കിയവരുടെ വായടയും.
കാത്തിരിക്കുന്നു
ലോക്ക് ഡൗൺ വന്നതോടെ ഓഫ് റോഡ് റേസിംഗ് മത്സരങ്ങൾക്കും താത്കാലികമായി പൂട്ടുവീണു. പക്ഷേ, ബിനോയും ജോസും ഇപ്പോഴും തിരക്കിലാണ്. സൈന്യം ഉപയോഗിക്കുന്ന ജിപ്സി ലേലത്തിൽ പിടിച്ചു സ്വന്തം വർക്ക്ഷോപ്പിൽ പണിതു വിൽക്കുകയാണ് ജോസ്. ലോറിയിലും ജെസിബിയിലുമായി തിരക്കിലാണ് ബിനോ. നിയന്ത്രണങ്ങൾ മാറിയിട്ട് എത്രയും വേഗം ഓഫ് റോഡ് ട്രാക്കിലേക്കു തിരിച്ചെത്തുന്ന ദിവസം കാത്തിരിക്കുകയാണ് ഇവർ.
സോനു തോമസ്