സഹപ്രവർത്തകന്റെ യാത്രയയപ്പ് ചടങ്ങ് സങ്കടക്കടലായി; കണ്ണീരണിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്
Thursday, August 8, 2019 4:55 PM IST
അഞ്ച് വർഷത്തെ സേവനത്തിനു ശേഷം സ്ഥലംമാറിപ്പോകുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥന് നൽകിയ വികാരനിർഭരമായ യാത്രയയപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ശ്രീകാന്തിന് സഹപ്രവർത്തകർ നല്കിയ യാത്രയയപ്പ് ചടങ്ങാണ് സങ്കടക്കടലായി മാറിയത്.
പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് അടക്കം നിറകണ്ണുകളോടെയാണ് യാത്രയയച്ചത്. മീനച്ചിൽ ഗ്രാമപഞ്ചായത്തിലേക്ക് അക്കൗണ്ടന്റായി പ്രമോഷനോടെയാണ് ശ്രീകാന്തിന്റെ സ്ഥലംമാറ്റം. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് ശ്രീകാന്തിന് ഫലകം ഉപഹാരമായി നൽകിയപ്പോൾ നിറചിരിയോടെ നിന്ന പ്രസിഡന്റിന്റെ മുഖം പെട്ടെന്ന് സങ്കടക്കടലായി.
അതൊരു കരച്ചിലിലാണ് അവസാനിച്ചത്. വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് പ്രിയ സഹപ്രവർത്തകന് അദ്ദേഹം ചുംബനം നൽകിയപ്പോൾ കണ്ടു നിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സങ്കടം നിയന്ത്രിക്കാനാകാതെ അദ്ദേഹം ശ്രീകാന്തിന്റെ കൈയിൽ പിടിച്ചു കുലുക്കി ഓഫീസ് മുറിയിലേക്ക് മടങ്ങി.
കഴിഞ്ഞ 19 വർഷമായി കൊഴുവനാൽ പഞ്ചായത്ത് മെമ്പറും നാല് വർഷമായി പ്രസിഡന്റുമായ തോമസ് ജോർജിനെ നാട്ടുകാർ സ്നേഹത്തോടെ തൊമ്മച്ചൻ എന്നാണ് വിളിക്കുന്നത്.