മരണത്തിന്റെ മുന്നിലും യുവാവിന്റെ ദൈവവിശ്വാസം; വൈദികന്റെ കുറിപ്പ് വൈറലാകുന്നു
Tuesday, March 30, 2021 9:53 PM IST
രക്താർബുദം മൂലം മരണമടഞ്ഞ യുവാവിന്റെ ദൈവ വിശ്വാസത്തെക്കുറിച്ചുള്ള വൈദികന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എറണാകുളം- അങ്കമാലി അതിരൂപതാ വൈദികൻ റവ. ഡോ. പോൾ പോൾ കൈപ്രൻപാടനാണ് ജസ്റ്റിൻ എന്ന യുവാവിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. നാലു വർഷം മുന്പ് അച്ചൻ ജസ്റ്റിന്റെ ഇടവക വികാരിയായിരുന്നു.
അങ്കമാലി മേരിഗിരി മാടൻ വീട്ടിൽ ജേക്കബ്- ഷിജി ദന്പതികളുടെ മകനാണ് ജസ്റ്റിൻ. രക്താർബുദംകാരണം അതീവഗുരുതരാവസ്ഥയിലുള്ള ജസ്റ്റിനെ കാണാൻ കഴിഞ്ഞ 26ന് അദേഹം ആശുപത്രിയിൽ എത്തിയിരുന്നു. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം തന്നെ ഞെട്ടിപ്പിച്ചെന്നു അന്ന് അച്ചൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
താൻ എല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും ജസ്റ്റിൽ റവ. ഡോ. പോൾ പോളിനെ അറിയിച്ചു. "ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിൻ എന്റെ തലയിൽ കൈവച്ച് എനിക്കുവേണ്ടിപ്രാർത്ഥിച്ചു. എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!- അച്ചൽ ഫേസ്ബുക്കിൽ കുറിച്ചു.
മാർച്ച് 30നായിരുന്നു ജസ്റ്റിന്റെ മരണം. അവൻ ഏറ്റവും സ്നേഹിച്ച "നന്മനിറഞ്ഞ മറിയമേ "എന്ന പ്രാർത്ഥന ഞാൻ ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കേ ശാന്തമായി അവൻ കടന്നു പോയി. ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തന്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം തന്നെ ബോധ്യപ്പെടുത്തിയതായി റവ. ഡോ. പോൾ പോൾ കൈപ്രൻപാടൻ ജസ്റ്റിന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ കുറിച്ചു. ഇപ്പോൾ കാക്കനാട് സെന്റെ ഫ്രാൻസിസ് അസീസി ഇടവക വികാരിയാണ് റവ. ഡോ. പോൾ കൈപ്രൻപാടൻ.
റവ. ഡോ. പോൾ കൈപ്രൻപാടന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നിൽ നിന്നും വി. കുർബ്ബാന സ്വീകരിച്ച പ്രിയപ്പെട്ട ജസ്റ്റിൻ (18)അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും അന്ത്യ ലേപനം കൂടി നൽകി അവനെ യാത്രയാക്കാൻ ഇന്ന് എനിക്കു ഭാഗ്യമുണ്ടായി. അവൻ ഏറ്റവും സ്നേഹിച്ച "നന്മനിറഞ്ഞ മറിയമേ "എന്ന പ്രാർത്ഥന ഞാൻ ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കേ ശാന്തമായി അവൻ കടന്നു പോയി: '' അച്ചൻ പ്രസംഗിച്ചതു ഞാൻ മറന്നിട്ടില്ല. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ അവസാന വാക്യങ്ങളുടെ പ്രാധാന്യം: " ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ." ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തന്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം എന്നെ ബോധ്യപ്പെടുത്തി. പ്രിയ ജസ്റ്റിൻ, ഈശോയുടെ മടിയിൽ വിശുദ്ധരോടും മാലാഖമാരോടും ഒപ്പം നീ ഇരിക്കുമ്പോൾ നിനക്കു കിട്ടിയ വിശ്വാസത്തിന്റെ ബോധ്യം ഞങ്ങൾക്കും ഉണ്ടാകാൻ ഞങ്ങളേയും ഓർത്തു പ്രാർത്ഥിക്കണമേ!!
എന്നിൽ നിന്നും വി. കുർബ്ബാന സ്വീകരിച്ച പ്രിയപ്പെട്ട ജസ്റ്റിൻ (18)അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക്...
Posted by Paul Kaiparambadan on Tuesday, 30 March 2021