ന്യൂയോര്‍ക്കില്‍ നിന്നും റോമിലേക്ക് യാത്രക്കാരുമായി പോയ വിമാനം തീവ്രാദികള്‍ തട്ടിയെടുത്തതായ വാര്‍ത്ത അധികൃതരില്‍ ആശങ്ക പരത്തി. ഇറ്റലിയുടെ പ്രധാന വിമാന സര്‍വീസുകളിെലാന്നായ AZ609 വിമാനം റാഞ്ചിയതായാണ് വാര്‍ത്തയുണ്ടായത്.

ഫ്രാന്‍സിലെ വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോളിംഗ് വിഭാഗം ആണ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്. അവര്‍ പൈലറ്റുമായി ആശയ വിനിമയം നടത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതികരണമില്ലാത്തിനാലാണ് ഇത്തരമൊരു സംശയമുണ്ടായത്. 10 മിനിട്ടോളം പൈലറ്റിന്‍റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണമില്ലായിരുന്നു.

എന്നാല്‍ ആശയവിനിമയ യന്ത്രങ്ങള്‍ക്ക് സംഭവിച്ച തകരാര്‍ മൂലമാണ് പ്രതിവചിക്കാന്‍ കഴിയാഞ്ഞതെന്നാണ് പൈലറ്റുമാര്‍ അറിയിച്ചത്. പക്ഷെ സാങ്കേതിക സംഘം നടത്തിയ പരിശോധനയെത്തുടർന്ന് ഈ വാദത്തെ തള്ളിയിരുന്നു.


പൈലറ്റുമാര്‍ രണ്ടുപേരും ഉറങ്ങിപ്പോയതാണ് മറുപടി ലഭിക്കാഞ്ഞതിന്‍റെ കാരണമെന്നാണ് ഇപ്പോള്‍ അറിയുന്നത്. വിമാന കമ്പനി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

യാത്രക്കാരോട് കമ്പനി മാപ്പ് പറയുകയും ചെയ്തു. വിമാനം ഓട്ടോ പൈലറ്റ് സിസ്റ്റത്തില്‍ ആയിരുന്നതുകൊണ്ട് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നെന്നും കമ്പനി വിശദീകരിക്കുന്നു.