പോയിന്റിലിസം ഒരു സംഭവം തന്നെ! ഡേവിസിന്റെ പേനത്തുമ്പിൽ വിരിയുന്നത് വിസ്മയചിത്രങ്ങൾ
Wednesday, April 21, 2021 11:36 AM IST
ബിന്ദുവിൽനിന്നും ബിന്ദുവിലേക്ക് ഡേവിസ് പേന ചലിപ്പിക്കുന്പോൾ വിരിയുന്നതു മനോഹര ചിത്രങ്ങൾ. പേനത്തുന്പിന്റെ പ്രയാണത്തിലൂടെ പോയിന്റിലിസം എന്ന ആർട്ടിൽ പിറവികൊള്ളുന്ന ചിത്രങ്ങൾ കണ്ടാൽ ആരും അതിശയിച്ചു പോകും. ഇത്തരം അപൂർവ ചിത്രങ്ങളുടെ പ്രദർശനം കാണണമെങ്കിൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെത്തണം.
തൃശൂർ പടിഞ്ഞാറേകോട്ട ചുങ്കം ചക്കാലയ്ക്കൽ കുടുംബാംഗമായ ഡേവിസ് ചക്കാലയ്ക്കലാണ് അധികമാരും കടന്നുവരാത്ത വഴിയിലൂടെ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂൾ പഠനകാലം മുതൽ ഡേവിസ് മാസ്റ്റർക്ക് ചിത്രകലയോടു താല്പര്യമായിരുന്നു. സ്കൂളിലെ ചിത്രകല അധ്യാപനായിരുന്നു പ്രേരണ. അധ്യാപകന്റെ പ്രോത്സാഹനത്തിലൂടെ എട്ടാം ക്ലാസ് മുതൽ നിരവധി സമ്മാന ങ്ങൾ നേടി.
പിന്നീട് എസ്എസ്എൽസി പരീക്ഷയെന്ന കടന്പയിൽ തട്ടി പഠനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമെത്തിയപ്പോഴാണു ചിത്രകലാ പഠനമെന്ന പാത മുന്നിൽ തെളിഞ്ഞത്. തൃശൂർ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴാം ക്ലാസ് വിജയിച്ചവർക്കും അഡ്മിഷൻ ലഭിക്കുമായിരുന്നു. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്ന കെ.എസ്. മോഹനൻ എസ്എസ്എൽസി വീണ്ടും എഴുതാൻ പ്രോത്സാഹനം നൽകി.
എസ്എസ്എൽസി വിജയിച്ചതോടെ ജീവിതവഴി സുഗമമായി. പഠനം കഴിഞ്ഞ് പുത്തൻപീടിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്ര അധ്യാപകനായി ജോലിക്കു കയറി. 2011 മാർച്ചിൽ തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണു വിരമിച്ചത്.
ഒരു കൗതുകമെന്ന നിലയിലാണ് പെൻ ഡോട്ട് വർക്കിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. ഉപയോഗം കഴിഞ്ഞ കല്യാണക്കുറികളിൽ വർണ ബിന്ദുക്കളിട്ടായിരുന്നു തുടക്കം. ഇതിന് ഏറെ പ്രശംസ ലഭിച്ചതോടെ കൂടുതൽ ആവേശമായി.
വയലിലെ ലില്ലികൾ
ലളിതകലാ അക്കാദമി ഗാലറിയിൽ ആരംഭിച്ചിരിക്കുന്ന ചിത്ര പ്രദർശനത്തിൽ കൂടുതലും പുഷ്പങ്ങളുടെ ചിത്രങ്ങളാണുള്ളത്. ഇതിനു കാരണം ബൈബിളിലെ ഒരു വചനമാണെന്നു ഡേവിസ് മാസ്റ്റർ പറയുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരനും വിവേകിയും ബുദ്ധിമാനുമായ സോളമൻ രാജാവിനേക്കാൾ ഇന്നു പുഷ്പിക്കുകയും നാളെ വാടി പോകുന്നതുമായ ലില്ലി പുഷ്പത്തെ ഈശ്വരൻ ഇങ്ങനെ അലങ്കരിക്കുകയും കരുതുകയും ചെയ്യുന്നുവെന്ന വചനമാണ് സുന്ദരമായ ലില്ലി പുഷ്പങ്ങൾ ബിന്ദുക്കളിലൂടെ ആവിഷ്കരിക്കാൻ പ്രേരിപ്പിച്ചത്.
അതിനാലാണ് ചിത്ര പ്രദർശനത്തിന് "വയലിലെ ലില്ലികൾ' എന്നു പേരിട്ടതും. മൾട്ടികളർ പേനകൾ കൊണ്ട് പൂക്കൾക്കു പ്രാധാന്യം നൽകി ഒരുക്കിയ എണ്പതോളം ചിത്രങ്ങളാണു പ്രദർശനത്തിലുള്ളത്.