കല്യാണത്തലേന്ന് ഇവിടെ മൈലാഞ്ചി, അവിടെ പാത്രം പൊട്ടിക്കൽ! എന്തിനാണെന്നോ..?
Monday, January 18, 2021 3:40 PM IST
നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്‍ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ എന്തെങ്കിലും വീണുടയുന്നത് അശുഭ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്.
എന്നാല്‍, ജര്‍മനിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജര്‍മനിയില്‍ ചില മേഖലകളിൽ വിവാഹത്തലേന്ന് അതിഥികള്‍ പോര്‍സലെയ്ന്‍ പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുന്നതു ശുഭലക്ഷണമാണ്. വധൂവരന്മാരുടെ ജീവിതത്തില്‍ സര്‍വ ഐശ്വര്യവുമുണ്ടാകാനാണ് ഇവിടെ പോര്‍സലെയ്ന്‍ പ്ലേറ്റുകളും മഗും എറിഞ്ഞുടയ്ക്കുന്നത്.
ചന്നംപിന്നം പൊട്ടിക്കാം
വല്ലാതെ ബഹളം വയ്ക്കുന്ന എന്നര്‍ഥം വരുന്ന പോള്ട്ടേണ് എന്ന വാക്കും വൈകുന്നേരം എന്നര്‍ഥം വരുന്ന ഏബന്ഡ് എന്ന വാക്കും ചേര്‍ന്നാണ് പോള്ട്രാബെന്ഡ് എന്ന വാക്കുണ്ടായത്. സംഭവം കേള്‍ക്കുമ്പോള്‍ ബാച്ചലര്‍ പാര്‍ട്ടിയാണെന്നു തോന്നുമെങ്കിലും അല്ല. വധൂവരന്മാര് ഒരുമിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒപ്പം സുഹൃത്തുക്കളുംകൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും.
വധുവിന്റെ വീട്ടുമുറ്റത്തൊരുക്കിയ മനോഹരമായ പന്തലിലാണ് പോള്ട്രാബെന്ഡ് നടക്കുക. എന്നാല്‍, സ്ഥലലഭ്യതയനുസരിച്ചു വരന്റെ വീട്ടിലേക്കോ ഓഡിറ്റോറിയത്തിലേക്കോ ആഘോഷങ്ങള്‍ മാറ്റാറുമുണ്ട്. സാധാരണ ചടങ്ങുകള്‍ പോലെ ക്ഷണക്കത്ത് അടിച്ചുള്ള ഔദ്യോഗിക ക്ഷണമൊന്നും പോള്ട്രാബെന്ഡിനില്ല. ഫോണ്‍ വഴിയോ നേരില്‍ കണ്ടോ ആകും അതിഥികളെ ക്ഷണിക്കുക.
താത്പര്യമുള്ളവര്‍ ഓര്‍ത്തിരുന്നു ചടങ്ങില്‍ പങ്കെടുക്കണം എന്നതിനാലാണ് ക്ഷണക്കത്ത് ഒഴിവാക്കുന്നത്. വിഭവ സമൃദ്ധമായ വിരുന്നാണ് പോള്ട്രാബെന്ഡിന് എത്തുന്ന അതിഥികള്‍ക്കായി ഒരുക്കുന്നത്. വധൂവരന്മാര്ക്കുള്ള സമ്മാനങ്ങള്‍ കൈമാറാനുള്ള അവസരം കൂടിയാണ് പോള്ട്രാബെന്ഡ്.
കണ്ണാടി ഉടഞ്ഞാൽ!
പോള്ട്രാബെന്ഡിന്റെ പ്രധാന ആകര്‍ഷണം ഭക്ഷണമോ സമ്മാനങ്ങളോ ഒന്നുമല്ല. പോര്‍സെലെയ്ന്‍ പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കല്‍ തന്നെയാണ്. ഉടയ്ക്കാനുള്ള പ്ലേറ്റുകള്‍ കൊണ്ടുവരുന്നതും അതിഥികളാണ്. ഇനി എന്തൊക്കെയാണ് നിസാരമായി ഇവര്‍ എറിഞ്ഞുടയ്ക്കുന്നത് എന്നറിയേണ്ടേ?
മനോഹരമായ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി വാഷ് ബെയ്സിനും ബാത്ത് ടബ്ബും വരെ ഇവര്‍ യാതൊരു മടിയും കൂടാതെ എറിഞ്ഞുടയ്ക്കും. ഗ്ലാസ് ഉത്പന്നങ്ങള്‍ ഉടയ്ക്കുന്നതു സുരക്ഷിതമല്ലാത്തതിനാല്‍ അവയ്ക്ക് ആഘോഷത്തില്‍ ഇടമില്ല.
മാത്രമല്ല അന്നേ ദിവസം കണ്ണാടി ഉടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. എന്തെന്നാല്‍ കണ്ണാടി ഉടയുന്നത് ഏഴു വര്‍ഷത്തേക്കു കഷ്ടകാലത്തെ വിളിച്ചു വരുത്തുമെന്നാണ് ഇവരുടെ വിശ്വാസം.

ഉടച്ചാൽ മാത്രം പോരാ
ഇനി എറിഞ്ഞുടയ്ക്കല്‍ കഴിഞ്ഞാല്‍ ആഘോഷം അവസാനിച്ചു എന്നല്ല. ഉടയ്ക്കലെല്ലാം കഴിയുമ്പോള്‍ വധൂവരന്മാര് ഒന്നിച്ചിരുന്ന് ഉടഞ്ഞ കഷണങ്ങളെല്ലാം നീക്കി ചടങ്ങു നടന്ന വേദിയും പരിസരവും വൃത്തിയാക്കണം.
ജീവിതത്തിലെ എല്ലാ വിഷമകരമായ ഘട്ടങ്ങളിലും ഒരുമിച്ചു നില്‍ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയാണ് ചടങ്ങിന്റെ ലക്ഷ്യം. ഒപ്പം കൂട്ടായ പ്രവര്‍ത്തനം ദാമ്പത്യ ജീവിതത്തില്‍ പ്രധാനമാണെന്നും ഈ വൃത്തിയാക്കലില്നിന്നു വധൂവരന്മാര് മനസിലാക്കുന്നു.
പോള്ട്രാബെന്ഡിന്റെ ഉദ്ഭവത്തെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ജര്‍മനിയില്‍ പണ്ടുകാലത്തു ജീവിച്ചിരുന്നു ഗോത്രവര്‍ഗക്കാര്‍ ദുഷ്ടശക്തികളെ ഓടിക്കാനായി ആചരിച്ചിരുന്ന ചടങ്ങാണിതെന്ന് ഒരു കൂട്ടര് പറയുന്നു. അതേസമയം, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള മാനസിക ഐക്യവും അടുപ്പവും വര്‍ധിപ്പിക്കാനുള്ള മനഃശാസ്ത്രപരമായ നീക്കമാണെന്നാണ് മറുവാദം.