സ്വപ്നത്തിലേക്ക് ഒരു ലിഫ്റ്റ് വേണ്ട, ഓടിയെത്തിക്കോളാം !
Monday, March 21, 2022 1:49 PM IST
ജീവിതത്തിനും ലക്ഷ്യത്തിനും ഇടയില്‍ നിലയ്ക്കാതെ ഓടുന്ന ഒരു രാത്രി വണ്ടിയാണ് പ്രദീപ് മെഹ്റ. ഉയിരിനൊപ്പം ചേര്‍ത്തു വെച്ചിരിക്കുന്ന ജീവിത ലക്ഷ്യത്തിലേക്ക് ഉടലിനെ എത്തിക്കാന്‍ ഓരോ ദിവസവും രാത്രി പണിയും കഴിഞ്ഞു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം ഓടിയാണ് പ്രദീപ് വീട്ടിലേക്കെത്തുന്നത്.
ഉത്തരാഖണ്ഡ് സ്വദേശിയാണ് പ്രദീപ് മെഹ്റ. ഒരുവിധം എല്ലാ പ്രാരാബ്ദങ്ങളും ജീവിതത്തില്‍ ചുറ്റിവരിഞ്ഞു നില്ക്കുന്ന ഒരു ശരാശരി ഇന്ത്യന്‍ പൗരന്. പട്ടാളത്തില്‍ ചേരണം. സൈനിക ജീവിതത്തിലൂടെ കഷ്ടപ്പാടുകളില്‍ നിന്നും കുടുംബത്തെ കരകയറ്റണം. ഈ ഒരൊറ്റ ലക്ഷ്യം മാത്രമേ പ്രദീപിന് മുന്നിലുള്ളൂ.
ജീവിത പ്രാരാബ്ദങ്ങള്‍ കാരണം പകല്‍ സമയങ്ങളിലൊന്നും തന്നെ മറ്റു കായിക പരിശീലനത്തിനു പോകാന്‍ സാധ്യമല്ല. അതിനാലാണ് രാവിലെ എട്ടു മണി മുതല്‍ പത്തു വരെയുള്ള ജോലിക്ക് ശേഷം പ്രദീപ് എന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടി പോകുന്നത്.
ചലച്ചിത്രകാരനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദീപിന്റെ ഓട്ടം വൈറലാക്കിയത്. ഒരു രാത്രി ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന പ്രദീപിനൊപ്പം മെല്ലെ കാറോടിച്ചാണ് വിനോദ് കാപ്രി കാര്യങ്ങള്‍ ചോദിച്ചറിയുന്നത്.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന പയ്യന് ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തത് നിരസിച്ചതാണ് വിനോദിനെ അത്ഭുതപ്പെടുത്തിയത്. എന്തിനാണ് ഈ രാത്രിയില്‍ ഇങ്ങനെ നടുറോഡിലൂടെ ഓടുന്നതെന്ന് ചോദിച്ചപ്പോഴാണ് പ്രദീപ് തന്റെ പട്ടാള മോഹം വെളിപ്പെടുത്തിയത്.
തത്കാലം താന്‍ ഇപ്പോള്‍ വീട്ടിലെത്തിക്കാമെന്നും രാവിലെ ഓടിയാല്‍ പോരെ എന്നും വിനോദ് ചോദിച്ചു. രക്ഷയില്ല, അതിരാവിലെ എഴുന്നേല്‍ക്കണം. അമ്മയ്ക്കും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ചേട്ടനും ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടു വേണം എട്ടു മണിക്ക് ജോലിക്ക് പോകാനെന്നായിരുന്നു പ്രദീപിന്റെ മറുപടി. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് നോയിഡ സെക്ടര്‍ 16ലെ മക്ഡൊണാള്ഡ്സിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് ബരോലയില് താമസ സ്ഥലത്തേക്കാണ് എന്നും പന്ത്രണ്ടു കിലോമീറ്റര്‍ ദൂരം ഓടിപ്പോകുന്നത്.
ഒരു തവണ കൂടി ലിഫ്റ്റ് വാഗ്ദാനം ചെയ്തു എങ്കിലും ഓട്ടം നിര്‍ത്താതെ സ്നേഹപൂര്‍വം പ്രദീപ് അതു നിരസിച്ചു. എന്നാല്‍, പിന്നെ തന്റെ കൂടെ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അനുനയത്തിന്റെ മറ്റൊരു ചുവട് കൂടി വിനോദ് മുന്നോട്ടു വെച്ചെങ്കിലും അതും നിരസിച്ചു. ഓടി വീട്ടില്‍ ചെന്നിട്ടും വേണം ഭക്ഷണം ഉണ്ടാക്കാന്‍. ചേട്ടനും വിശന്നിരിക്കുകയാണ്. ജോലിത്തിരക്ക് കാരണം ചേട്ടന് പാചകത്തിനുള്ള സമയമൊന്നുമില്ല. അമ്മ കുറച്ചേറെ ദിവസമായി ഒട്ടും സുഖമില്ലാതെ ആശുപത്രിയിലുമാണെന്നായിരുന്നു പ്രദീപിന്റെ മറുപടി.
പ്രദീപിന്റെ ഓട്ടം ചിത്രീകരിച്ചു കൊണ്ടിരിക്കെ ഇതുറപ്പായും വൈറലാകുമെന്ന് വിനോദ് പറഞ്ഞു. എന്നെ ആരു തിരിച്ചറിയാനാണെന്നായിരുന്നു ചിരിച്ചു കൊണ്ട് പ്രദീപിന്റെ മറു ചോദ്യം. ഞാനൊന്നും തെറ്റായി ചെയ്യുന്നില്ലല്ലോ എന്നു പറഞ്ഞ് പ്രദീപ് ഓട്ടം തുടര്‍ന്നു. പക്ഷേ, വിനോദ് കാപ്രി ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ 3.8 ദശലക്ഷം പേരാണ് പ്രദീപിന്റെ ഓടിത്തളരാത്ത ജീവിതം കണ്ടത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉള്‍പ്പടെ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രദീപിന്റെ ഓട്ടവും ജീവിതവും പങ്കു വെച്ചു. വീഡിയോ വൈറല്‍ ആയതിന് ശേഷം രണ്ടു തവണ വിനോദ് പ്രദീപിനെ കണ്ടിരുന്നു.
ജീവിതത്തില്‍ അനിവാര്യമായ ഓട്ടമാണ് താന്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ള പ്രദീപ് ഇതിലൊന്നും അസാധാരണമായി ഒന്നും തന്നെയില്ല എന്ന മട്ടിലാണ് പ്രതികരിച്ചത്. ഓമനപ്പൂമുഖം എത്ര വാടിയാലും ഓടിത്തളരില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പ്രദീപ് മെഹ്റ.
സെബി മാത്യു