ഉൽക്കയിൽ ട്വിസ്റ്റ്! 13 കോടി കാത്തിരുന്നിട്ട് ഒടുവിൽ കിട്ടിയത്...
Thursday, November 26, 2020 1:48 PM IST
ഉൽക്ക വിറ്റ് കോടീശ്വരനായി മാറിയ ജോസുവ ഹുത്തഗലംഗയായിരുന്നു കഴിഞ്ഞയാഴ്ചയിലെ താരം. വീട്ടിൽ വീണ ഉൽക്ക വിറ്റ് ഹുത്തഗലംഗ് നേടിയത് 13 കോടി രൂപയായിരുന്നെന്നായിരുന്നു റിപ്പോർട്ട്.
ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിർമാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗിന്റെ വീട്ടിലാണ് ഉൽക്ക വീണത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹുത്തഗലംഗ് വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഈ സമയം വീടിന് മുൻവശത്തുള്ള വരാന്തയുടെ മേൽക്കൂര തകർത്ത് 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്ക പതിക്കുകയായിരുന്നു.
ഉൽക്കയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ഏകദേശം 13 കോടിയോളം രൂപയ്ക്ക് ആ ഉല്ക്ക അദ്ദേഹം വിറ്റുവെന്നതായിരുന്നു പുറത്തു വന്ന വിവരങ്ങൾ. എന്നാൽ ജോസുവയ്ക്ക് പത്തുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
ഉൽക്ക വാങ്ങാൻ ആഗ്രഹിച്ച യുഎസിലെ ചിലർ ഇന്തോനേഷ്യയിൽ താമസിക്കുന്ന, ഉൽക്കകളെ കുറിച്ച് പഠിക്കുന്ന അമേരിക്കക്കാരനായ ജേർഡ് കോളിൻസുമായി ബന്ധപ്പെടുകയും സംഗതി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ നേരിട്ട് ചെന്ന് കണ്ട് ബോധ്യപ്പെട്ട ജേർഡ് ഇടനിലക്കാരനായി നിന്ന് ആ കച്ചവടം നടത്തി.
തുക എത്രയാണെന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് കോടികളല്ലെന്ന് അവർ തുടർന്ന് പറയുന്നു. ജോസുവായുടെ വീടിന്റെ അടുത്ത് വീണ ചെറിയ ഉൽക്കാശിലകളിൽ രണ്ടെണ്ണം ഓൺലൈൻ സൈറ്റായ ഇബേയിൽ വിൽക്കാനായി ഇട്ടിരുന്നു. വിൽക്കുന്നവർ ആവശ്യപ്പെട്ട വില ഗ്രാമിന് 63,000 രൂപയാണ്. ഇത് കണ്ടിട്ടാണ് ആളുകൾ ഈ കോടി കണക്കുകൾ പറയുന്നതെന്ന് പ്രഫസർ ലോറൻസ് ഗാർവി പറഞ്ഞു.
ചിലപ്പോൾ ചെറിയ ഒരു കഷണത്തിന് ആയിരമോ പതിനായിരമോ ലഭിച്ചേക്കാം. വലുപ്പം കൂടുന്നതിനനുസരിച്ച് അവയുടെ വില കുറയുകയാണ് ചെയ്യുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു.