സൺബാത്ത് ചെയ്യുന്ന ചിത്രം ഫേസ്ബുക്കിലിട്ടു; അത് യുവതിയുടെ ജീവൻ രക്ഷിച്ചു
Friday, July 10, 2020 8:02 PM IST
ഫേസ്ബുക്ക് പോലെ ജനപ്രിയമായ മറ്റൊരു സോഷ്യൽമീഡിയ ഇല്ല. ഫേസ്ബുക്കിലൂടെ പലർക്കും സഹായങ്ങളും ജോലിയുമൊക്കെ ലഭിക്കാറുണ്ട്.
ചിലർക്കെങ്കിലും ഫേസ്ബുക്കിലൂടെ "പണി'യും കിട്ടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വിത്യസ്തമാണ് ഷാരോൺ ബാഗ്ലെയുടെ കഥ. ഇരുപതാമത്തെ വയസുമുതൽ ആഴ്ചയിൽ രണ്ടോ മൂന്നോതവണ സൺബാത്തിനായി ബീച്ചിൽ പോകുന്നത് ഷാരോണിന്റെ പതിവായിരുന്നു. ഫേസ്ബുക്കിൽ സജീവമായതോടെ സൺബാത്തിന്റെ ചിത്രങ്ങളും സ്ഥിരമായി അപ്ലോഡ് ചെയ്യുമായിരുന്നു. 37കാരിയായ ഷാരോൺ ഇപ്പോഴും സൺബാത്ത് മുടക്കാറില്ല.
ഏതാനും ദിവസം മുന്പാണ് 2009ന് ഇൗജിപ്തിൽ വച്ച് എടുത്ത, ഫേസ്ബുക്കിൽ പോസ്റ്റ് ചെയത് ചിത്രം ഫേസ്ബുക്ക് മെമ്മറീസിലൂടെ വീണ്ടും ടൈംലൈനിൽ വന്നത്. ചിത്രം സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു കാര്യം ഷാരോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ വയറിന്റെ ഭാഗത്തായുള്ള മറുകിന് പഴയ ചിത്രത്തിൽ ഇപ്പോഴുള്ള അത്രയും വലുപ്പമില്ല. ഇതോടെ ഷാരോണിന് സംശയമായി. സംശയനിവാരണത്തിനായി ഒരു ഡോക്ടറെയും കണ്ടു. തുടർന്നുനടത്തിയ വിശദമായ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യം ഡോക്ടർമാർ കണ്ടെത്തിയത്.

ഷാരോണിന് സ്കിൻ കാൻസറിന്റെ തുടക്കമാണ്. കാൻസറിന്റെ തുടക്കമായതുകൊണ്ട് ഉടൻതന്നെ ചികിത്സ തുടങ്ങനായി. ശസ്ത്രക്രിയയിലൂടെ കാൻസർ സെല്ലുകൾ നശിപ്പിച്ചു. ദേഹത്ത് ധാരാളം മറുക് ഉള്ളതുകൊണ്ടാണ് താൻ ഇതിന്റെ വലിപ്പവും മറ്റും ശ്രദ്ധിക്കാതിരുന്നതെന്നാണ് ഷാരോൺ പറയുന്നത്.
ഏതായായും ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടതു നന്നായി. ഫേസ്ബുക്ക് മെമ്മറീസ് ഫീച്ചറിന് നന്ദി പറയുകയാണ് ഷാരോണിപ്പോൾ. പുതിയ ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.