"സിംഫണി ഓഫ് കളേഴ്സ്'; ചക്രവാളത്തില്‍ വിസ്മയിപ്പിക്കുന്ന സൂര്യോദയം കണ്ട് യുഎസ് അംബാസഡര്‍
Tuesday, October 3, 2023 10:12 AM IST
ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരി ഏറെ സൗന്ദര്യമുള്ള ഒരുപ്രദേശമാണ്. സന്ദര്‍ശകരുടെ ഹൃദയത്തെ തന്നില്‍ തളച്ചിടുന്ന ഈ "കുമാരി' അവരുടെ ഹൃദയത്തുടിപ്പുകളെ നിലയ്ക്കാത്ത തിരമാലകളായി മാറ്റുന്നു.
"ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ചേരുന്ന കന്യകുമാരിയിലെ സൂര്യരോദയം ഒരുനോക്കു കാണാന്‍ എത്രയെത്രപേരാണ് എത്താറുള്ളത്. ആ സന്ദര്‍ശകരില്‍ കഴിഞ്ഞദിവസം ഒരു വിഐപിയും ഉണ്ടായിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡറായ എറിക് ഗാര്‍സെറ്റി ആയിരുന്നത്.
ഈ ദേശത്തിന്റെ അവിശ്വസനീയവും വൈവിധ്യവുമായ സൗന്ദവ്യത്തില് അദ്ദേഹം വിസ്മയംകൊണ്ടു. സൂര്യോദയത്തിനൊപ്പം നിരവധി ചിത്രങ്ങള്‍ എറിക് പകര്‍ത്തുകയുമുണ്ടായി. അവയില്‍ നാല് സെല്‍ഫി ചിത്രങ്ങള്‍ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു.
"നിറങ്ങളുടെ സിംഫണിയില്‍ ഞാന്‍ അതിമനോഹരമായ സൂര്യോദയം കണ്ടു' എന്നാണദ്ദേഹം ഇതിനെ കുറിച്ച് കുറിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് വെെറലായി മാറി. ഇന്ത്യക്കാരെ തീര്‍ച്ചയായും അത് ഏറെ സന്തോഷിപ്പിച്ചു.
നിരവധിപേര്‍ ഈ ചിത്രത്തിനുമേല്‍ അഭിപ്രായങ്ങളുമായി എത്തി. "ഇന്‍ക്രെഡിബിള്‍ ഇന്ത്യ. ഓരോ കോണിലും ഓരോ കഥകള്‍ പറയാനുണ്ട്. കന്യാകുമാരിയുടെ സൂര്യോദയം ഏറ്റവും ആകര്‍ഷകമായ അധ്യായങ്ങളിലൊന്നാണ്' എന്നാണൊരു ഉപയോക്താവ് എക്സിൽ എഴുതിയത്.
"തീര്‍ച്ചയായും ഇതൊരു അതിമനോഹരമായ കാഴ്ചയാണ്. വിവേകാനന്ദ പ്രതിമയെ പ്രകൃതി വിളക്കുകള്‍ കൊണ്ട് പ്രകാശിപ്പിക്കുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.