പൊള്ളലേറ്റ് ചരിഞ്ഞ കാട്ടാനയ്ക്ക് കണ്ണീരോടെ വിട നൽകി ഫോറസ്റ്റർ; വീഡിയോ വൈറലാകുന്നു
Friday, January 22, 2021 10:50 PM IST
തമിഴ്നാട് മസിനഗുഡിയിൽ പൊള്ളലേറ്റ് ചരിഞ്ഞ കാട്ടാനയ്ക്ക് ഫോറസ്റ്റർ കണ്ണീരോടെ വിടനൽകുന്ന വീഡിയോ വൈറലാകുന്നു. ആനയുടെ ജഡംകയറ്റിയ ലോറിയുടെ അടുത്തുപോയി തുന്പിക്കൈയിൽ പിടിച്ച് കരയുന്ന ജീവനക്കാരന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് ഐഎഫ്എസ് ഓഫീസറായ രമേഷ് പാണ്ഡി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ജനവാസ മേഖലയിലേക്ക് വന്ന ആനയെ തുരത്താൻ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ച് എറിയുകയായിരുന്നു. പൊള്ളിപ്പഴുത്തുപൊട്ടിയതിന്റെ വേദന സഹിക്കാൻ വയ്യാതെ ആന വെള്ളത്തിൽ ഇറങ്ങിക്കിടക്കുകയായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ കരയ്ക്കെത്തിച്ച് ചികിത്സ നൽകാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആന ചരിയുകയായിരുന്നു.
മുതുമല ടൈഗർ റിസർവിലെ ആന വളർത്തൽ കേന്ദ്രത്തിലായിരുന്നു ആനയെ ചികിത്സിച്ചിരുന്നത്. വീഡിയോയിലുള്ള ജീവനക്കാരനും ആനയെ പരിചരിക്കാനുണ്ടായിരുന്നു. ജീവനക്കാരന്റെ പേരെ മറ്റ് വിവരങ്ങളോ ലഭ്യമല്ല.