"വീൽ ഐസ് ട്രീ'; പതിറ്റാണ്ടുകളായി പതിവുതെറ്റിക്കാതെ ഇന്ത്യാനപൊളിസിലെ കുടുംബം
Thursday, December 24, 2020 12:39 PM IST
വർഷത്തിലെ എല്ലാ ക്രിസ്മസ് ദിനത്തിലും ഐസ് ഉപയോഗിച്ച് ഭീമാകാരമായ ക്രിസ്മസ് ട്രീ നിർമിച്ച് ഇന്ത്യാനയിലെ ഇന്ത്യാനപൊളിസിലുള്ള ഒരു കുടുംബം. 1961 മുതൽ എല്ലാ വർഷവും ഈ കുടുംബം ക്രിസ്മസ് ട്രീ നിർമിക്കുന്നുണ്ട്. വീൽ ഐസ് ട്രീ എന്നറിയപ്പെടുന്ന ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്.
ഈ ക്രിസ്മസ് ട്രീയുടെ നിർമാണത്തിൽ മരങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മരത്തിന്റെ ഫ്രെയിമിലേക്ക് വാട്ടർ ഹോസുകൾ അറ്റാച്ച് ചെയ്ത്, തണുത്തുറഞ്ഞ രാത്രികളിൽ വെള്ളം ഓണാക്കിയിടും. പിന്നീട് വെള്ളം ഐസ് കട്ടയായി മാറി ക്രിസ്മസ് ട്രീയുടെ രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. എല്ലാ വർഷവും ഈ വീൽ ഐസ് ട്രീ നിർമിക്കാറുണ്ട്. പ്രദേശവാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിന്റെ നിർമാതാക്കൾക്ക് ലഭിക്കുന്നത്.
വിയർ ജി. വീൽ എന്നയാൾ 1961 ലെ ശൈത്യകാലത്താണ് ഈ ക്രിസ്മസ് ട്രീ ആദ്യമായി നിർമിച്ചത്. 1970കളിൽ വിയർ അന്തരിച്ചു, പക്ഷേ അപ്പോഴേക്കും ഐസ് ട്രീ ഒരു പ്രാദേശിക ആകർഷണമായി മാറി. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഈ പാരമ്പര്യം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെയും അവർ ഈ പതിവ് തെറ്റിച്ചിട്ടില്ല.