ഇതാ പാലരുവി! വെള്ളമൊഴുകിയിരുന്ന പുഴയിലൂടെ ഒന്നാന്തരം പാലൊഴുകുന്നു; അന്തംവിട്ട് നാട്ടുകാർ
Saturday, April 17, 2021 5:30 PM IST
പാലും തേനുമൊഴുകുന്ന പുഴയെന്നൊക്കെ പുരാണ കഥകളിലൊക്കെയല്ലെ കേട്ടിട്ടുള്ളു. എന്നാൽ, യുകെയിലെ വെയിൽസിലെ കാർമാർത്തൻഷയറിലെ ലാൻവർഡയ്ക്കടുത്തുള്ള ഡുലൈസ് നദിയിൽ തീരത്തുള്ളവർ ആ കാഴ്ച കണ്ട് അന്പരുന്നു.
ഇന്നലെ വരെ വെള്ളമൊഴുകിയിരുന്നു പുഴയിലൂടെ പാൽ ഒഴുകുന്നു. ആ കാഴ്ച കണ്ട് അന്പരന്നവർ ഒാടിച്ചെന്നു വെള്ളം മണത്തുനോക്കി. ഒറിജിനൽ പാലിന്റെ മണം. ആരുവി പാലരുവി ആയെന്നു കേട്ടതോടെ കാഴ്ചക്കാരും ഓടിക്കൂടി. ഇതെന്തു കഥ എന്ന അന്വേഷണമായി. അപ്പോഴാണ് യഥാർഥ സംഭവം പുറത്തുവന്നത്.
പാലരുവി!
പാലരുവിയുടെ ഉറവിടം തേടി ചിലർ പുഴയുടെ ആദ്യഭാഗത്തേക്കു വച്ചുപിടിച്ചു. ഒാടിപ്പാഞ്ഞ് എത്തിയപ്പോഴാണ് ആ സംഭവം കണ്ടത്. അരുവിയിലേക്ക് ഒരു കൂറ്റൻ ടാങ്കർ മറിഞ്ഞുകിടക്കുന്നു. സംഗതി പാൽ കൊണ്ടുപോകുന്ന ടാങ്കർ ആണ്. ഒരു വളവിൽ നദിയിലേക്കു മറിഞ്ഞതാണ്. വീഴ്ചയിൽ ടാങ്കർ പൊട്ടി പാൽ നദിയിലെ വെള്ളത്തിൽ കലർന്നതോടെയാണ് ഡുലൈസ് നദി പാൽപ്പുഴയായത്.

ആയിരക്കണക്കിനു ലിറ്റർ പാലാണ് പുഴയിലൂടെ ഒഴുകിയത്. അത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നുവെന്നു പലരും മാധ്യമങ്ങളോടു പറഞ്ഞു. കുറെ കോണ്‍ഫ്ളേക്സ് അല്ലെങ്കിൽ വീറ്റബിക്സ് അതുണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നു പറഞ്ഞവരുമുണ്ട്.
അതേസമയം, പാൽ കലർന്നതിന്റെ അനന്തര ഫലങ്ങൾ പഠിക്കുന്നതിന്റെ തിരക്കിലാണ് വെയിൽസിലെ നാച്ചുറൽ റിസോഴ്സസ് അധികൃതർ.