ടിക് ടോക് വീഡിയോയ്ക്കു വേണ്ടി തണുത്തുറഞ്ഞ തടാകത്തിൽ നീന്തി സാഹസികൻ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Saturday, March 7, 2020 7:09 PM IST
ടിക് ടോക് വീഡിയോയ്ക്കു വേണ്ടിയുള്ള പല സാഹസികകൃത്യങ്ങളും സോഷ്യൽ മീഡിയ കണ്ടിട്ടുണ്ട്. ഇതുപോലെ ഒരു സാഹസികകൃത്യം നടത്തി തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ട യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തണുത്തുറഞ്ഞ തടാകത്തിൽ നീന്താനുള്ള ടിക് ടോക് താരം ജേസൺ ക്ലാർക്കിന്റെ ശ്രമമാണ് പാളിയത്.
തണുത്തുറഞ്ഞ് കട്ടിയായ തടാകത്തിൽ ദ്വാരമുണ്ടാക്കിയ ശേഷമാണ് അദ്ദേഹം മഞ്ഞിനടിയിലൂടെ നീന്തിയത്. എന്നാൽ, നീന്തലിനിടെ അദ്ദേഹം മഞ്ഞുപാളിയിൽ കുടുങ്ങിപ്പോയി. കാഴ്ച മറയ്ക്കുംവിധം കണ്ണുകൾ മരവിക്കുകയും ചെയ്തതോടെ പ്രാണരക്ഷാർഥം തിരികെ നീന്തി ജേസൺ ഒരുവിധം പുറത്തുകടക്കുകയായിരുന്നു.
ഇതുപോലൊരിക്കലും മരണത്തിനടുത്തെത്തിയില്ലെന്ന് കുറിച്ചുകൊണ്ടാണ് ജേസൺ തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്നെ അവസാനമായി ഒരു തവണ തിരിക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ല. തനിക്ക് ശ്വാസം കുറവായിരുന്നു, ഇനി കാണാൻ കഴിയുമെന്ന് വിചാരിച്ചില്ല. മഞ്ഞുപാളിയുടെ ഭാരം കുറഞ്ഞ സ്ഥലമായിരുന്നിട്ടും താൻ കൈ നീട്ടിയെന്നും എഴുന്നേറ്റുനിൽക്കാൻ എവിടുന്നോ ഒരു ടൺ ഊർജം ലഭിച്ചെന്നും ജേസൺ വിവരിച്ചു.
എന്നാൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടിട്ടും സാഹസിക നീന്തലിൽ നിന്ന് ജേസൺ പിന്മാറിയില്ല. കൂടുതൽ മുൻകരുതൽ മാർഗങ്ങളോടെ രണ്ടാമതും ജേസൺ തണുത്തുറഞ്ഞ തടാകത്തിൽ നീന്തി. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.