സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു; പരിഭ്രാന്തരായി ബന്ധുക്കൾ‌, ഒടുവിൽ
അപകടത്തെ തുടർന്നു മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ വിട്ടു നൽകിയ യുവതിയുടെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച പെറുവിലെ ലംബായക്യുവിലാണ് നടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞയാഴ്ച പെറുവിലെ ചിക്ളായൊ പിക്സി റോഡിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസാ ഇസബേൽ എന്ന യുവതിയാണ് ചൊവ്വാഴ്ചയോടെ മരിച്ചതായി അധികൃതർ പറഞ്ഞത്. എന്നാൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയ റോസാ ശവപ്പെട്ടിക്കുള്ളിൽനിന്നു കൊട്ടിയപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി.

തുടർന്നു ശവപ്പെട്ടിയുടെ അടപ്പു തുറന്ന ബന്ധുക്കൾക്ക് തങ്ങളെ ജീവനോടെ തുറിച്ചു നോക്കുന്ന റോസാ ഇസബേലിനെയാണ് കാണാനായത്. സെമിത്തേരി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് റോസായെ വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും മണിക്കൂറുകൾക്കു ശേഷം റോസാ വീണ്ടും മരണത്തിന് കീഴടങ്ങി.

അപകടത്തെ തുടർന്നു കോമയിലായ റോസാ ഇസബേൽ മരണപ്പെട്ടതായി ആശുപത്രി അധികൃതർ തെറ്റിധരിച്ചതാകാമെന്ന് റോസയുടെ ബന്ധുക്കൾ പറയുന്നു. അപകടത്തിൽ റോസയുടെ സഹോദരി ഭർത്താവ് മരിച്ചിരുന്നു. അനന്തരവരായ മൂന്ന് കുട്ടികൾക്കും റോസയ്ക്കും ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.