ആ കാഴ്ച വേദനിപ്പിച്ചു; പിന്നീടിങ്ങോട്ട് പ്രകൃതിസ്നേഹത്തിന്‍റെ പര്യായമായി മാരിയോൺ
Sunday, December 11, 2022 3:08 PM IST
പ്രകൃതിസ്നേഹത്തിന്‍റെ പര്യായം. അതാണ് മാരിയോണ്‍ ചാംങ്ന്യൂഡ് ഡുപ്യയ. എവറസ്റ്റ് വൃത്തിയാക്കി പതിനേഴ് വര്‍ഷമായി മൗണ്ടൈന്‍ ഗൈഡറായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ എവസ്റ്റ് കയറുന്നവര്‍ക്കെല്ലാം പരിചയവും മാതൃകയുമാണ്.

പ്രകൃതി സ്നേഹം പ്രവൃത്തിയില്‍ വരച്ചു കാട്ടിയാണ് പര്‍വതാരോഹകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്ന്യൂഡ് ഡുപ്യയ പ്രചോദനമാകുന്നത്. ക്ലീന്‍ എവറസ്റ്റ് എന്ന പദ്ധതിക്കാണ് മാരിയോണും സംഘവും നേതൃത്വം വഹിക്കുന്നത്.

പ്രദേശവാസികളും അധികൃതരും സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന സംഘമാണ് മാറിയോണിന്റേത്. മൊത്തം ഹിമാലയന്‍ നിരകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. മലനിരകളിലെ ജലമാണ് എവറസ്റ്റ് പ്രദേശവാസികള്‍ പ്രധാനമായും നിത്യോപയോഗത്തിനായി ഉപയോഗിക്കുന്നത്. മാലിന്യങ്ങള്‍ ഹിമാലയന്‍ നിരകളില്‍ കുമിഞ്ഞു കൂടി ജലം മലിനമാകുന്നത് പ്രദേശവാസികളെ സാരമായി ബാധിക്കുന്നു.

മൂന്നു തവണയാണ് ഇതുവരെ മാരിയോണ്‍ എവറസ്റ്റ് കീഴടക്കിയത്. ആദ്യത്തെ തവണ എവറസ്റ്റ് കീഴടക്കിയപ്പോള്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും സഞ്ചാരികള്‍ കളഞ്ഞിട്ട് പോയ പ്ലാസ്റ്റിക് വേസ്റ്റുകളും മാരിയോണിനെ വെദനിപ്പിച്ചു. അവിടം മുതലാണ് ഇങ്ങനെ ഒരു പദ്ധതിയിലേക്ക് അവരെ പ്രേരിപ്പിച്ചത്.



കഠിന പരിശ്രമത്തിലൂടെയാണ് എവറസ്റ്റ് വൃത്തിയാക്കുക എന്ന ശ്രമകരമായ യത്നം മാരിയോണും സംഘവും സാധ്യമാക്കിയത്. അവര്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശവും പരിസ്ഥിതി സംരക്ഷണമാണ്.

എവറസ്റ്റ് കൊടുമുടിയിലെ സഞ്ചാരികളും സാഹസികരും വലിച്ചെറിയുന്ന ടണ്‍കണക്കിന് പാഴ് വസ്തുക്കളാണ് മാരിയോണും സംഘവും വര്‍ഷാവര്‍ഷം നീക്കം ചെയ്യുന്നത്. 2016 ലാണ് മാരിയോണ്‍ ക്ലീന്‍ എവറസ്റ്റ് പ്രോജക്ട് ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.