സാധാരണ എന്തെങ്കിലും നേട്ടം കൈവരിക്കുമ്പോള്‍ ഒരു കഷണം കേക്ക് കൊടുക്കുക പതിവാണല്ലൊ. എന്നാല്‍ കേക്ക് തന്നെയുണ്ടാക്കി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഫ്രാന്‍സെസ് ക്വിന്‍ എന്ന ഇംഗ്ലീഷ് യുവതി.

ആറടി വീതിയും 82 കിലോയോളം ഭാരവും ഉള്ള ഈ കേക്കിനായി 160 മുട്ടകളും എട്ടുകിലോയോളം ചോക്ലേറ്റും ഫ്രാന്‍സെസ് ഉപയോഗിച്ചു. 11 മണിക്കൂറാണ് ഈ കേക്ക് പൂര്‍ത്തിയാക്കാനായി അവരെടുത്തത്.

"ബ്രിട്ടന്‍സ് ഗോട്ട് ടാലന്‍റ്’ പരിപാടിയുടെ 15-ാം വാര്‍ഷികത്തിന്‍റെ ഭാഗമായിട്ടാണ് ഫ്രാന്‍സെസ് കേക്കുണ്ടാക്കിയത്. ഇംഗ്ലണ്ടിലെ ഹൈ വൈകോംബെ നഗരത്തിലെ മാക് വിറ്റീ എന്ന ലഘുഭക്ഷണ നിര്‍മാണശാലയില്‍ വെച്ചാണ് ഇതുണ്ടാക്കിയത്.


ഇതാദ്യമായിട്ടല്ല ഫ്രാന്‍സെസ് ഗിന്നസിലിടം നേടുന്നത്. 2017ല്‍ ഭീമന്‍ കേക്കുണ്ടാക്കി ഗിന്നസിലിടം പിടിച്ച അവര്‍ ഇത്തവണ സ്വന്തം റിക്കാര്‍ഡ് തന്നെയാണ് തിരുത്തിയിരിക്കുന്നത്. "ദി ഗ്രേറ്റ് ബ്രിട്ടീഷ് ബേക് ഓഫ്’ പരിപാടിയുടെ 2013ലെ വിജയി കൂടിയാണ് ഫ്രാന്‍സെസ് ക്വിന്‍.

ഏതായാലും കേക്ക് പിന്നീട് ആഘോഷത്തിനായി എത്തിയവര്‍ക്ക് മുറിച്ചുനല്‍കി.