വാഷിംഗ്ടണ്‍ ഡിസി: ആറുവയസുകാരനായ തങ്ങളുടെ മകനെ മാരത്തണിൽ ഓടിച്ച് വൈറലാകാൻ ശ്രമിച്ച മാതാപിതാക്കളെ വിമർശിച്ച് അമേരിക്കയുടെ ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവ് കാരാ ഗൗച്ചറടക്കം നിരവധിപേർ രംഗത്തെത്തി.

യൂട്യൂബർമാർ കൂടിയായ ബെൻ, കാമി ദന്പതിമാരാണ് തങ്ങളുടെ മകനായ റൈനറോട് ഇത്തരമൊരു ക്രൂരത ചെയ്തത്. അമേരിക്കയിലെ ഓഹിയോയിലെ സിൻസിനാറ്റി നഗരത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫ്ളൈയിംഗ് പിഗ് മാരത്തോണിലാണ് കുട്ടിയോടൊപ്പം ഇവർ പങ്കെടുത്തത്.

സാധാരണ 18 വയസിന് മുകളിൽ പ്രായമുള്ളവർ മാത്രമാണ് ഫ്ളൈയിംഗ് പിഗ് മാരത്തോണിൽ പങ്കെടുക്കുക. 26.2 മൈൽ ദൂരമുള്ള ഈ മാരത്തോണ്‍ എട്ടര മണിക്കൂർ കൊണ്ടാണ് ഇവർ പൂർത്തിയാക്കിയത്. കാല് വേദനിച്ച് കരഞ്ഞ കുട്ടിയെ പ്രിങ്കിൾസ് ചിപ്സ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പിതാവായ ബെൻ വീണ്ടും ഓടാൻ നിർബന്ധിച്ചത്.


വൈറലാകാനായി ആറുവയസുകാരനോട് മാതാപിതാക്കൾ കാട്ടിയ ഈ ക്രൂരത സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.