ഇത് "സ്വർ​ഗീയ വിവാഹം'; 80 പിന്നിട്ടിട്ടും പ്രണയവസന്തവുമായി ക്രിസ്റ്റഫറും റോസയും
വെബ് ഡെസ്ക്
"വിവാഹം സ്വർ​ഗത്തിൽ വെച്ച് നടക്കുന്നു' എന്ന പ്രയോ​ഗം തനി തങ്കത്തിൽ എഴുതിവെക്കേണ്ട ഒരു ഒത്തുചേരൽ അടുത്തിടെ നടന്നു. അതും അങ്ങ് ബ്രിട്ടണിൽ. 82കാരനായ ക്രിസ്റ്റഫർ സ്ട്രീറ്റ്സും 81കാരി റോസ സ്ട്രീറ്റ്സും ജീവിതസായാഹ്നത്തിൽ ദമ്പതികളായതിന് മക്കളും ചെറുമക്കളും കുടുംബക്കാരും സാക്ഷിയായി.

റിട്ട‌യർമെന്‍റ് ജീവിതം സ്വസ്ഥപൂർണമായിരിക്കണമെന്ന് കരുതിയ ഇവർ കീൻഷാമിലെ സെന്‍റ് മോണിക്ക ട്രസ്റ്റിന്‍റെ ചോക്കലേറ്റ് ക്വാർട്ടർ റിട്ടയർമെന്‍റ് ഹോമിൽവെച്ചാണ് കണ്ടുമുട്ടുന്നത്. ക്രിസ്റ്റഫർ ഒരു മൈനിം​ഗ് കൺസൾട്ടന്‍റും റോസ നഴ്സുമായിരുന്നു. നാളുകൾക്ക് മുൻപ് പങ്കാളികളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് കഴിയാൻ തീരുമാനിച്ചതാണ് ഇവരുവരും.

റിട്ടയർമെന്‍റ് ഹോമിലെ ഒരു ജനലിന് അരികിൽ വെച്ചാണ് ക്രിസ്റ്റഫറെ ആദ്യമായി കണ്ടുമുട്ടിയതെന്ന് റോസ പറയുന്നു. അപ്പോൾ ഒരു മേശയ്ക്കപ്പുറം മുഖാമുഖമായി ഇരിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇവർ ഒട്ടേറെ സമയം സംസാരിച്ചു. രണ്ട് പേരുടേയും കാഴ്ചപ്പാടും ഇഷ്ടങ്ങളുമൊക്കെ ഒരുപോലെയായിരുന്നുവെന്നും റോസ ചെറു ചിരിയോടെ വ്യക്തമാക്കി.

ശേഷം തമ്മിൽ കൂടുതൽ അറിയുന്നതിനായി ഇവർ ഇറ്റലിയിലേക്ക് ഒരു ഡേറ്റിം​ഗ് ട്രിപ്പും പ്ലാൻ ചെയ്തു. സിനിമ, കല, സാഹിത്യം, സം​ഗീതം തുടങ്ങി ഇരുവർക്കും ഇഷ്ടപ്പെട്ട വിഷയങ്ങളെ കുറിച്ച് ദിവസങ്ങളോളം സംസാരത്തിൽ മുഴുകി. പിന്നീട് പരസ്പരം മനസിലാക്കിയെന്ന് ഉറപ്പായപ്പോൾ ക്രിസ്റ്റഫർ റോസയോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു.

റോസയും മനസിലെ ഇഷ്ടം തുറന്ന് പറഞ്ഞതോടെ ജൂലൈയിൽ കുടുംബാംഗങ്ങളെ സാക്ഷിയാക്കി അവരൊന്നിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ക്രിസ്റ്റഫറുടേയും റോസയുടേയും പ്രണയകഥ ലോകമെമ്പാടുമുള്ളവർ നെഞ്ചിലേറ്റി.

നവദന്പതികൾ വിവാഹ വസ്ത്രമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റപ്പെടലിന്‍റെ വേദനയിൽ കഴിയുക‌യായിരുന്ന ഇവർ വിവാഹം കഴിച്ചത് കാലത്തിന്‍റെ നിശ്ചയമാണെന്നും രണ്ടു പേർക്കും എല്ലാ ആശംസകൾ നേരുന്നുവെന്നും നെറ്റിസൺസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.