"കോഴിയാണോ മുട്ടയാണോ ആദ്യം'; ഇതാ ചരിത്രപരമായ ചോദ്യത്തിനുത്തരമായിരിക്കുന്നു...
Monday, October 14, 2024 12:18 PM IST
കാലാകാലങ്ങളായി മനുഷ്യര്‍ തേടി അലഞ്ഞ ഒരു സിംപിള്‍ ചോദ്യമാണല്ലൊ "ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ?' എന്നത്. ഈ പ്രപഞ്ചത്തിന്റെ ഉത്പത്തിയെ കുറിച്ചുള്ള ഗഹനമായ ചര്‍ച്ച പോലെ നാട്ടുകാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമായിരുന്നു.
എന്തിനേറെ ഇന്ത്യോനേഷ്യയില്‍ ഇതിന്റെ പേരില്‍ കൊലപാതകംവരെ ഉണ്ടായിട്ടുണ്ട്. മദ്യപാനത്തിനിടെ ഒരാള്‍ കോഴി ആദ്യമുണ്ടായെന്നും സുഹൃത്ത് മുട്ടയാണാദ്യമെന്നും വീറോടെ തര്‍ക്കിച്ചു. ഒടുവില്‍ ഒരാളെ മറ്റെയാള്‍ കുത്തിക്കൊന്നു.
പക്ഷേ ആ വിഖ്യാത ചോദ്യത്തിനിപ്പോള്‍ ഉത്തരമായതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, കോഴികള്‍ രൂപപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടകള്‍ പരിണമിച്ചു.
ജന്തുശാസ്ത്ര റിപ്പോര്‍ട്ടറും ഇന്‍ഫിനിറ്റ് ലൈഫിന്റെ രചയിതാവുമായ ജൂള്‍സ് ഹോവാര്‍ഡ്, ആദ്യത്തെ മുട്ട ജീവന്റെ ഉത്ഭവവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നു.
ആദ്യകാല മുട്ടകള്‍ ഇന്ന് നമുക്കറിയാവുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു, ഇത് ജെല്ലിഫിഷോ പുഴുക്കളോ പോലെയുള്ള കടല്ജീവികളായിരിക്കാം. മൃഗങ്ങള്‍ കരയില്‍ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ മുട്ടകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് കോഴിക്ക് മുമ്പാണ് മുട്ട വന്നതെന്ന് വ്യക്തമാക്കുന്നു.
ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ പാലിയന്റോളജിസ്റ്റായ ഡോ. എല്ലെന്‍ മാതര്‍ ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു. മറ്റൊരു കാര്യം കൂടി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതായത് കോഴികള്‍ മുട്ടയില്‍ നിന്നല്ല മറിച്ച് കാട്ടുപക്ഷികളില്‍ നിന്നാണത്രെ ഉണ്ടായത്.
ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴികളെ വളര്‍ത്തിയെടുത്തതായി ആദ്യകാല ഗവേഷകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ 1250 ബിസിക്കും 1650 ബിസിക്കും ഇടയില്‍ കോഴിയെ വളര്‍ത്താന്‍ തുടങ്ങിയത്രെ. മാത്രമല്ല ജുറാസിക് കാലഘട്ടത്തില്‍ കടുപ്പമുള്ള മുട്ടകള്‍ ആണത്രെ ഈ കോഴികള്‍ ഇട്ടിരുന്നത്.
ചുരുക്കത്തില്‍ പരിണാമ കാഴ്ചപ്പാടില്‍ കോഴികള്‍ക്ക് മുമ്പ് മുട്ടകള്‍ വന്നു. എന്നാല്‍ ആദ്യ കോഴി എത്തിയത് മുട്ടയില്‍ നിന്നുമല്ലതാനും. എങ്കിലും ഈ ഉത്തരങ്ങളൊക്കെ നൂറുശതമാനം ഉറപ്പിക്കാന്‍ കഴിയാത്തവയായി തന്നെ നിലനില്ക്കുന്നു എന്നതും വാസ്തവമാണ്...