"നിത്യശാന്തി നേരുന്നു അച്ഛാ'; അച്ഛന്റെ ശവപ്പെട്ടിക്കൊപ്പം മകളുടെ ഫോട്ടോഷൂട്ട്!
Sunday, October 31, 2021 2:07 PM IST
അച്ഛന്റെ മരണാന്തരചടങ്ങിൽ മക്കളുടെ പെരുമാറ്റം എങ്ങനെയാവും? ചിലർ വിഷമംകൊണ്ട് മനോനില തെറ്റിയതുപോലെ പെരുമാറും ചിലർ ദുഃഖം ഉള്ളിലൊതുക്കി പെരുമാറും. എന്നാൽ അച്ഛന്റെ മൃതസംസ്കാരപ്പെട്ടിക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഒരു മകൾ.
ഫ്ലോറിഡ സ്വദേശിനി ജെയ്ൻ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയത്. ഒക്ടോബര് 11ന് ആയിരുന്നു ജെയ്നിന്റെ പിതാവിന്റെ മരണം. റാംപിലേതു പോലെയായിരുന്നു ജെയ്നിന്റെ നിൽപ്പും വേഷവും. ശവപ്പെട്ടിയിൽ കാൽകുത്തി നിന്നും ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
‘‘ചിത്രശലഭം പറന്നകന്നു. നിത്യശാന്തി നേരുന്നു അച്ഛാ, നിങ്ങളായിരുന്നു എന്റെ ആത്മാർഥ സുഹൃത്ത്. നന്നായി ജീവിച്ച ഒരു ജീവിതം’’ – മൃതദേഹത്തിനു മുമ്പിൽ കൈകൾ കൂപ്പി നിൽക്കുന്നത് ഉൾപ്പടെയുള്ള എട്ടു ചിത്രങ്ങൾക്കൊപ്പം ജെയ്ൻ കുറിച്ചു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ഇവർ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. അച്ഛൻ മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ലെന്നാണ് ചിലർ കുറിച്ചത്. ഈയൊരു സാഹചര്യത്തിലും സ്റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്കാരം നഷ്ടമായി തുടങ്ങിയ വിമർശനങ്ങളും സോഷ്യമീഡിയയിൽ ഉയർന്നു. ഇതോടെ ജെയ്ൻ ചിത്രങ്ങൾ നീക്കി.
‘‘മോശം പ്രതികരണങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ നല്ല ഉദ്ദേശത്തോടെ പകർത്തിയ ചിത്രങ്ങൾ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ പൂർണമായും എനിക്ക് പിന്തുണ നൽകുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയിൽ കൈകാര്യം ചെയ്യുന്നു. അച്ഛൻ ഒപ്പം ഉണ്ടായിരുന്നപ്പോഴുള്ള ആഘോഷ നിമിഷങ്ങളിൽ ഒന്നു പോലെയാണ് ഞാൻ അതിനെ കണ്ടത്’’– ജെയ്ൻ വാർത്ത ചാനലിനോട് പ്രതികരിച്ചു.