ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിധി വേട്ട അവസാനിച്ചിരിക്കുന്നു...
Monday, October 7, 2024 12:03 PM IST
നിധി തേടല്‍ എന്നത് എന്നും മനുഷ്യരെ ഹരം കൊള്ളിക്കുന്ന ഒന്നാണല്ലൊ. പൂര്വതലമുറയിലെ രാജക്കന്മാരും കൊള്ളക്കാരും അവരുടെ സമ്പത്ത് പലയിടത്തും കുഴിച്ചിട്ടിട്ടുണ്ട് എന്ന അറിവാണ് പലരെയും ഇക്കാര്യത്തില്‍ പ്രചോദിപ്പിക്കുന്നത്. ചിലര്‍ അപൂര്‍വമായി ഇത്തരം നിധികള്‍ കണ്ടെത്തിയിട്ടുമുണ്ട്. അതിനാല്‍ത്തന്നെ നിധികളിലേക്ക് കൈചൂണ്ടുന്ന ഏത് ചുരുളും ആളുകളെ ആകര്‍ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിധി വേട്ട 1993-ല്‍ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു ചിത്രപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "ഓണ്‍ ദി ട്രയല്‍ ഓഫ് ദി ഗോള്‍ഡന്‍ ഔള്‍' എന്നാണീ പുസ്തകത്തിന്റെ പേര്.
ഒരു സ്വര്‍ണ മൂങ്ങയെ തേടിയുള്ള യാത്രയാണ് പുസ്തകം സമ്മാനിക്കുന്നത്. അതും മൂന്ന് കിലോ സ്വര്‍ണവും ഏഴ് കിലോ വെള്ളിയും കൊണ്ട് നിര്‍മിച്ച മൂങ്ങ. മൂങ്ങയുടെ മുഖത്ത് ഡയമണ്ട് ചിപ്പുകളുമുണ്ട്. 12 പസിലുകള്‍ പരിഹരിച്ചാണ് ഇതിനെ കണ്ടെത്താന്‍ കഴിയുക.
റെജിസ് ഹൗസറും ആര്‍ട്ടിസ്റ്റ് മൈക്കല്‍ ബെക്കറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഈ പുസ്തകം വലിയ ആരാധകരെയാണ് സൃഷ്ടിച്ചത്. ഇത്തരത്തില്‍ നിധി തേടി ഇറങ്ങിയവരെ "മൂങ്ങകള്‍' എന്നാണ് പറയാറ്.
സമ്മാനം ക്ലെയിം ചെയ്യാന്‍ ആവശ്യമായ ടോക്കണ്‍ കണ്ടെത്തിയതായി തിരച്ചിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് അടുത്തിടെ അറിയിച്ചു. ആരോ സ്വര്‍ണ മൂങ്ങയുടെ പകര്‍പ്പ് കുഴിച്ചെടുത്തുവെന്നും അയച്ചിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കുന്നതായും അധികൃതര്‍ പറഞ്ഞു. 31 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഈ വേട്ടയാടല്‍ അവസാനിക്കുന്നത്.
ഈ കടങ്കഥ നിര്‍മ്മാതാവായ റെജിസ് ഹൗസര്‍, നിധി വേട്ടക്കാര്‍ തന്നെ അന്വേഷിക്കുന്നത് തടയാന്‍ മാക്സ് വാലന്റെെന്‍ എന്ന തൂലികാനാമം ആദ്യം ഉപയോഗിച്ചു. 2009-ല്‍ അദ്ദേഹം മരിച്ചതായി ഫ്രഞ്ച് പത്രമായ ലെ മോണ്ടെ റിപ്പോര്‍ട്ട് ചെയ്തു.
യഥാര്‍ത്തില്‍ "ഓണ്‍ ദി ട്രയല്‍ ഓഫ് ദി ഗോള്‍ഡന്‍ ഔള്‍' കിറ്റ് വില്യംസിന്റെ 1979 ലെ കടങ്കഥകളുടെ പുസ്തകമായ "ദി മാസ്ക്വറേഡില്‍' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഈ പുസ്തകത്തില്‍ ഒരു സ്വര്‍ണ മുയലിനെ കണ്ടെത്താന്‍ നിരവധി പസിലുകലുകളാണുണ്ടായിരുന്നത്.
ഫ്രഞ്ച് കലാകാരനായ മൈക്കല്‍ ബെക്കര്‍ പുസ്തകത്തിലുള്ളത് പ്രകാരമുള്ള ഒരു ശില്പം തീര്‍ക്കുവാന്‍ തീരുമാനിച്ചു. അമൂല്യമായ ഒറിജിനല്‍ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനിടയില്‍ മൂങ്ങയുടെ ഒരു പകര്‍പ്പ് കുഴിച്ചിടാന്‍ ബെക്കറും ഹൗസറും തീരുമാനിച്ചു. അതാണിപ്പോള്‍ ഒരാള്‍ കണ്ടെത്തിയത്. 1.39 കോടി രൂപയാണ് ഈ മൂങ്ങയുടെ മൂല്യമായി കണക്കാക്കുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിധി വേട്ട 1982-ല്‍ പ്രസിദ്ധീകരിച്ച ബൈറണ്‍ പ്രിസിന്റെ "ദി സീക്രട്ട്' ആണെന്ന് വിശ്വസിക്കപ്പെടുന്നു. യുഎസിലെയും കാനഡയിലെയും രഹസ്യ സ്ഥലങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്ന നിധിയുടെ 12 പെട്ടികള്ക്കായുള്ള അന്വേഷണമാണിത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ...