ചക്ക മലയാളികളുടെ ഇഷ്ടപ്പെട്ട ആഹാരസാധാനങ്ങളില്‍ ഒന്നാണല്ലൊ. അത് ഏറ്റവും തെളിഞ്ഞ ഒരു കാലമായിരുന്നല്ലൊ കോവിഡ് സമയം. അന്ന് ചക്ക കൂട്ടാഞ്ഞ മലയാളികള്‍ ചുരുക്കമാണെന്ന് സൈബര്‍ലോകം ട്രോളിയിരുന്നു.

ഇപ്പോഴിതാ ചക്ക വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇത്തവണ താന്‍ തീരെ വിലയില്ലാത്തവനല്ലെന്ന് തെളിയിക്കുകയാണ് ഒരു ചക്ക. സംഭവം എറണാകുളത്തെ കൂത്താട്ടുകുളത്താണ്.

അവിടെ കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സൊസൈറ്റി ഒരു ലേലം സംഘടിപ്പിച്ചു. നാട്ടുകാരടക്കം കൂടി നിന്നവരൊക്കെ ലേലത്തില്‍ ആവേശത്തോടെ പങ്കെടുത്തു.


ഒടുവില്‍ ഒരു ചക്ക വിറ്റുപോയത് 1010 രൂപയ്ക്കാണ്. കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചന്‍ എന്നയാളാണ് ഈ ചക്കയെ സ്വന്തമാക്കിയത്.

ഏതായാലും ലേലം ഗംഭീരമായിരുന്നു. മറ്റൊരു ചക്ക 1000 രൂപയ്ക്കും വേറൊന്ന് 500 നും വിറ്റുപോയെന്നാണ് വാര്‍ത്ത. റിക്കാര്‍ഡ് തുക നേടിയ ചക്ക സമൂഹ മാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാണ്.