കാഷ്മീര്‍ താഴ്വരയിലെ "പോളാര്‍ എക്സ്പ്രസ്'; മനംമയക്കുന്ന കാഴ്ച
Saturday, February 3, 2024 11:49 AM IST
മഞ്ഞുമൂടിയ മലനിരകള്‍ക്കിടയിലൂടെ ഒന്നു സഞ്ചരിക്കാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവാണ്. അത്ര ഹൃദ്യമാണ് ആ കാഴ്ച. മഞ്ഞിലൂടെ തീവണ്ടികളും തെന്നിപ്പോകുന്ന വാഹനങ്ങളും സഞ്ചരിക്കുന്ന നിരവധി കാഴ്ചകള്‍ നാം സമൂഹ മാധ്യമങ്ങള്‍ വഴിയും ചലച്ചിത്രങ്ങള്‍ വഴിയും കണ്ടിരിക്കും.
ആ കാഴ്ചകള്‍ പലതും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളതാണുതാനും. എന്നാല്‍ അടുത്തിടെ അത്തരമൊരു ട്രെയിന്‍ യാത്രയുടെ കാഴ്ച നമ്മുടെ റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിൽ പങ്കിടുകയുണ്ടായി.
ഈ ദൃശ്യങ്ങള്‍ നെറ്റിസന്റെ മനം കവര്‍ന്നു. ഏറ്റവും സവിശേഷമായ കാര്യം ഈ കാഴ്ച അങ്ങ് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും മറ്റുമുള്ളതല്ല. മറിച്ച് നമ്മുടെ കാഷ്മീരിലേതാണ്. ബാരാമുള്ള-ബനിഹാല്‍ സെക്ഷനിലെ താഴ്വരയിലെ വൈറ്റ്ഔട്ടിലൂടെ പാസഞ്ചര്‍ ട്രെയിന്‍ മിന്നിമറയുന്ന കാഴ്ചയാണിത്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഭൂപ്രകൃതി മുഴുവന്‍ മഞ്ഞു പുതപ്പില്‍ മൂടി, ഒരു ഫാന്റസി കഥയില്‍ നിന്ന് എന്നപോലെ ഒരു മാന്ത്രിക രംഗം സൃഷ്ടിച്ചു' എന്നാണൊരാള്‍ കുറിച്ചത്.