ദുരന്തങ്ങൾ അറിയാൻ; കേരളത്തിന്റെ സ്വന്തം സൈന്യം തയാർ
Tuesday, October 19, 2021 9:24 PM IST
ഇടുക്കി ഡാം ഉള്‍പ്പെടെ തുറന്ന പശ്ചാത്തലത്തില്‍ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആലുവ പ്രദേശത്ത് തമ്പടിച്ച് കടലിന്റെ മക്കൾ. കൊച്ചിയുടെ വൈപ്പിൻ, ചെല്ലാനം തീര മേഖലയിൽ നിന്നുള്ള വള്ളങ്ങൾ കയറ്റിയ നിരവധി ലോറികളാണ് ആലുവ, പറവൂർ പ്രദേശത്തു തമ്പടിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും തൊഴിലാളികളുമുണ്ട്. ആലുവാപ്പുഴ കവിഞ്ഞു വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നിൽ കണക്കാക്കിയാണ് സംഘം നിലയുറപ്പിച്ചിരിക്കുന്നത്.
നേരത്തെ ദുരന്തമുഖത്ത് സമാനതകളില്ലാത്ത സേവനം കാഴ്ച വച്ച് രാജ്യത്തിന്റെ തന്നെ പ്രശംസ പിടിച്ചു പറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യം. കഴിഞ്ഞ പ്രാവശ്യം പ്രളയമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിനെത്തിയ വള്ളങ്ങൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനങ്ങൾ പാഴായെങ്കിലും ചെയ്യാനുള്ളതു ചെയ്യുമെന്നാണ് ഇവരുടെ പ്രതികരണം. നിരവധിപേരാണ് വള്ളങ്ങളുമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികളുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.