"കൊതുങ്കാറ്റ്...'; നഗരസഭയുടെ വാലന്റെെന്‍ സമ്മാനത്തിന് നന്ദിയെന്ന് നഗരവാസി
Monday, February 12, 2024 1:54 PM IST
കൊതുക്; അവ ചെറുപ്രാണി എന്ന് കരുതി ഒരാളും വെറുതേ വിടാറില്ല. കാരണം അത്ര കേമന്മാര് എന്ന് കരുതി ഞെളിഞ്ഞുനടന്ന പലരേയും കുത്തിമലര്‍ത്തി പെട്ടിക്കുള്ളിലാക്കിയ എത്രയയെത്ര കഥകള്‍ അവയ്ക്ക് പറയാനുണ്ട്.
കുത്തുന്നതിലും അസഹനീയമാണ് അവയുടെ മൂളല്‍. മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന് ജ്വരം എന്നുവേണ്ടില്ല ഒരു ഡസന്‍ അസുഖങ്ങളുടെ ഹോള്‍സെയില്‍ റീടൈയ്ല് വിതരണക്കാര്‍ കൂടിയാണ് ഇവറ്റകള്.
എണ്ണം കുറവാണെങ്കില്‍ പലരും തങ്ങളുടെ കൈകളാണ് ഇവയ്ക്കെതിരായുള്ള ആയുധങ്ങളായി ഉപയോഗിക്കാറുള്ളത്. ഈ "കൈ ആയുധം' സ്വന്തം മുഖത്തും അന്യന്റെ മുഖത്തും ആഞ്ഞ് പതിപ്പിച്ച് അബദ്ധത്തിലായ "വീരന്മാരും' നമുക്കിടയിലുണ്ട്.
സാധാണയായി പലതിനെയും പിടകൂടാനാണ് വല വിരിക്കുന്നത്. എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ അത് വരരുതേ എന്ന കാര്യത്തിനാണ്. ഇപ്പോഴിതാ കൊതുകുകളുടെ പെരുക്കം കാട്ടിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ ഉളവാക്കുന്നു.
എക്സിലെത്തിയ വീഡിയോ ആദ്യം കാണുമ്പോള്‍ തോന്നുക എങ്ങോ ചുഴലിക്കാറ്റ് എന്നാണ്. പക്ഷേ ശ്രദ്ധിക്കുമ്പോഴാണ് ഞെട്ടുക. അതത്രയും കൊതുകുകളുടെ കൂട്ടം ആണ്. മഹാരാഷ്ട്ര പൂനെയിലെ കേശവ് നഗറില്‍ നിന്നുള്ള കാഴ്ചയാണിതത്രെ.
രാകേഷ് നായക് എന്നയാള്‍ ആണിത് എക്സില്‍ പങ്കുവച്ചത്. "സമയബന്ധിതമായി മുനിസിപ്പാലിറ്റി നികുതി അടയ്ക്കുന്നതിന് പകരമായി കൊതുകുകളുടെ വാലന്റെെന്‍ സമ്മാനം നല്‍കിയതിന് നഗരസഭയ്ക്ക് നന്ദി' എന്ന പരിഹാസത്തോടെയാണ് ഇദ്ദേഹം ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
പിന്നാലെ പലരും തങ്ങളുടെ പ്രദേശങ്ങളിലെ "കൊതുക് വീഡിയോകള്‍' സമൂഹ മാധ്യമങ്ങളില്‍ എത്തിച്ചു. നിരവധിപേര്‍ വിഷയത്തില്‍ നഗരസഭാധികൃതരെ വിമര്‍ശിച്ച് രംഗത്തെത്തി. ഈച്ചയടിച്ചിരിക്കുന്നവരില് നിന്നും കൊതുകനെതിരേ നടപടിയുണ്ടാകുമൊ എന്ന് കണ്ടറിയണം...