ട്രോഫിയുമായി ദേവാലത്തിൽ പോയത് അയാളുടെ വിശ്വാസം; പരിഹാസം എന്തിന്?
വെബ് ഡെസ്ക്
Tuesday, May 3, 2022 8:28 PM IST
സന്തോഷ് ട്രോഫിയിയില്‍ കേരളം കപ്പ് നേടിയതിന് ശേഷം പിറ്റേ ദിവസം പരിശീലകന് ബിനോ ജോര്‍ജ് മഞ്ചേരി സെന്റ് ജോസഫ് പള്ളിയിലേക്ക് പോയതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിലെ ഒരു പറ്റം പ്രൊഫൈലുകൾ. ചൊവ്വാഴ്ച രാവിലെയാണ് പ്രാര്‍ഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താല്‍ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാന്‍ എത്തിയത് അവർ പള്ളിയിൽ എത്തിയത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം കളിക്കാരുടെ ജേഴ്സിയും പന്തും വെഞ്ചരിച്ചെന്ന് പള്ളി വികാരി ഫാ. ടോമി കളത്തൂര്‍ പറഞ്ഞിരുന്നു.
സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ക്കു ബൂട്ട് കെട്ടുന്നതിനു മുന്‍പ് ടീം കോച്ചും ടീം അംഗങ്ങളില്‍ ചിലരും മുടങ്ങാതെ സ്റ്റേഡിയത്തില്‍നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി എത്താറുണ്ടായിരുന്നു.
കളിയില്ലാത്ത ദിവസങ്ങളിലായിരുന്നു രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയില്‍ പങ്കെടുക്കാനായി ബിനോ പള്ളിയില്‍ എത്തിയിരുന്നത്. കേരള ടീം കോച്ച് ബിനോ ജോര്‍ജ് പള്ളിയില്‍ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോടു വൈദികൻ പറയാറുണ്ടായിരുന്നു.
ബിനോയെ പരിഹസിക്കുന്നത് തക്കമറുപടി നൽകിയിരിക്കുകയാണ് പരസ്യ ഏജന്‍സികളുടെ ക്രിയേറ്റീവ് ഡയറക്റായി പ്രവർത്തിക്കുന്ന ഫേവർ ഫ്രാൻസിസ്. മത്സരത്തിനെത്തിയത് മുതൽ മുടങ്ങാതെ ആ പള്ളിയിൽ പോയി പ്രാർഥിക്കുന്നുണ്ട് ബിനോ. മത്സരം ജയിച്ചപ്പോൾ ആ ട്രോഫിയുമായി അവിടം സന്ദർശിക്കുകയും ചെയ്തു. അതയാളുടെ വിശ്വാസമാണ്. അതിൽ അയാളെ അപഹസിക്കാൻ എന്തിരിക്കുന്നുവെന്നും അദേഹം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം<\b>
യേശു സെന്റർ ഫോർവേഡല്ല, കൃഷ്ണൻ ഗോൾ കീപ്പറും!
രാവിലെ മുതൽ കാണുന്നതാണ്. സന്തോഷ് ട്രോഫി
വിജയത്തിന് ശേഷം ട്രോഫിയുമായി പളളിയിൽ
പോയ കേരള കോച്ച് ബിനോയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകൾ. മത്സരത്തിനെത്തിയത് മുതൽ മുടങ്ങാതെ ആ പള്ളിയിൽ പോയി പ്രാര്ഥിക്കുന്നുണ്ട് ബിനോ. മത്സരം ജയിച്ചപ്പോൾ ആ ട്രോഫിയുമായി അവിടം സന്ദർശിക്കുകയും ചെയ്തു. അതയാളുടെ വിശ്വാസമാണ്. അതിൽ അയാളെ അപഹസിക്കാൻ എന്തിരിക്കുന്നു?
ഫുട്ബാളിന്റെ ഈറ്റില്ലമാണ് ലാറ്റിൻ അമേരിക്ക. ബ്രസീലും അർജന്റീനയുമൊക്കെ നമുക്ക് കേരള ടീമിനെക്കാൾ പ്രിയമുള്ള ഫുട്ബാൾ ടീമുകളാണ്. പെലെയും മറഡോണയും നെയ്മറും മെസ്സിയുമൊക്കെ മലയാളി താരങ്ങളേക്കാൾ മലയാളികൾ
ആരാധിക്കുന്നവരാണ്. ഗോളടിച്ചാൽ കുരിശു വരക്കുന്നവരാണവർ, തലയിൽ 100% ജീസസ് എന്നെഴുതിയ ഹെഡ് ബാൻഡ് ധരിക്കുന്നവർ ശരീരത്തിൽ യേശുവിന്റെ മുഖം പച്ചകുത്തിയവർ. അവർ കളികളിൽ ജയിക്കുന്നുണ്ടാകാം ഗോളടിക്കുന്നുണ്ടാകാം തോൽക്കുന്നുമുണ്ടാകാം.
പക്ഷെ അതൊന്നും അവരുടെ വിശ്വാസങ്ങളെ ബാധിക്കുന്ന ഒന്നല്ല. ജയിച്ചതിന് നന്ദി പറയാൻ മാത്രമല്ല തോറ്റതിന്റെ സങ്കടം പറയാനും അവർ പള്ളിയിൽ പോയിട്ടുണ്ടാകാം. പക്ഷെ അവർ വിശ്വസിക്കുന്ന ഒന്നുണ്ട് അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും മാത്രമല്ല
ലോകമെമ്പാടുമുള്ള ആരാധകരുടെയും പ്രാർത്ഥനകളിൽ അവരുണ്ടെന്ന്.
ചാനൽ റിപ്പോർട്ടറോട് കേരള കാപ്റ്റൻ ജിജോയുടെ 'അമ്മ പറഞ്ഞത് ഞാൻ കളി കാണുന്നില്ല അന്നേരം മുഴുവൻ പ്രാർത്ഥിക്കാൻ പോകുകയാണെന്നാണ്. ഇന്ന് ജിജോ വിളിച്ചിരുന്നോ? എന്നുള്ള ചോദ്യത്തിന് ജിജോയുടെ അനിയത്തി പറയുന്നത് ട്രോഫി നേടാൻ വേണ്ടി പ്രാര്‍ഥിക്കണമെന്ന് ജിജോ പറഞ്ഞു എന്നാണ്.
അത് ജിജോയുടെവീട്ടിലെ മാത്രം കാര്യമായിരിക്കില്ല അര്‍ജുന്റെയും ജസിന്റെയും ആ ടീമിലെ മുഴുവൻ പേരുടയും കുടുംബാംഗങ്ങൾ ട്രോഫി നേടാൻ മനമുരുകി പ്രാര്ഥിച്ചിട്ടുണ്ടാകാം. നേർച്ചകൾ നേർന്നിട്ടുണ്ടാകാം. കളിക്കാനിറങ്ങുമ്പോൾ ടീമിലെ കളിക്കാരും പ്രാർത്ഥിച്ചിട്ടുണ്ടാകാം. കാണികളും.
മുകളിലിരുന്ന് ദൈവം സന്തോഷ് ട്രോഫി ഫൈനൽ ലൈവ് കാണുന്നുണ്ടെന്നോ തങ്ങൾക്ക്
പകരം ക്രിസ്തുവോ കൃഷ്ണനോ നബിയോ വന്നു ഗോളടിക്കുമെന്നോ കരുതിയിട്ടല്ല അവരുടെ
പ്രാർത്ഥന. പക്ഷെ ആ പ്രാർത്ഥനയിൽ നിന്നുണ്ടാകുന്ന ആത്മവിശ്വാസത്തിന്റെ കൂടി
കരുത്താർജ്ജിച്ചാണ് അവർ കളിക്കളത്തിൽ പൊരുതുന്നത്. ചിലപ്പോഴൊക്കെ വിജയം നേടുന്നത്. പരാജയത്തിന്റെ പടുകുഴികളിൽ വീണു പോയിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്നത്!
ഫുട്ബാളും ഒരു മതമാണ്. അതിനു അതിന്റെ ദൈവങ്ങളുണ്ട്.
പക്ഷെ ആ ദൈവങ്ങൾക്കുമുണ്ട് ദൈവങ്ങൾ!
#SanthoshTrophy #Football #religion #belief