പത്താമത്തെ "മുത്തുമണി' ഉടന്‍ വരുമെന്ന് അമ്മ; വിമര്‍ശകരുടെ വായടപ്പിച്ച് നെറ്റിസണ്‍സ്
Monday, September 4, 2023 12:28 PM IST
വെബ് ഡെസ്ക്
പഴയകാലത്ത് കൃത്യമായി പറഞ്ഞാല്‍ ഒരു രണ്ട് തലമുറയ്ക്ക് മുന്‍പ് വരെ വീട്ടിലെ കുട്ടികളുടെ എണ്ണമെന്നത് അഞ്ചില്‍ കുറയാത്ത സംഖ്യയായിരുന്നു. പത്തും പന്ത്രണ്ടും മക്കളുള്ള വീടുകള്‍ പിന്നീട് ചെറുമക്കളും അവരുടെ മക്കളുമൊക്കെയായി വലിയ ആള്‍ബലമുള്ള കുടുംബങ്ങളായി മാറി. സ്വദേശത്തും വിദേശത്തും ഒക്കെ നല്ല ജോലിയിലും ബിസിനസിലും ഒക്കെ അവര്‍ തിളങ്ങി.

പണ്ടുകാലത്ത് ഒരു വീട്ടില്‍ ഇത്രയും കുട്ടികളുണ്ടാകുന്നതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് സ്ത്രീകളുടെ മികച്ച ആരോഗ്യം, രണ്ട് പഴയകാലത്തെ പോഷകസമ്പുഷ്ടമായ ഭക്ഷണ രീതി. ഇവയ്ക്ക് പുറമേ ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ പ്രസവ പരിചരണം, ഔഷധങ്ങള്‍ എന്ന് തുടങ്ങി ആരോഗ്യത്തെ എക്കാലവും കാത്തു സംരക്ഷിക്കുന്ന ഘടകങ്ങളും ലഭ്യമായിരുന്നു.

എന്നാല്‍ കാലം മാറി. രണ്ട് മക്കള്‍ മതിയെന്ന ചിന്തയിലുള്ള ജീവിതമാണ് മിക്കവര്‍ക്കും. അണുകുടുംബമായി മുന്നോട്ട് പോകാമെന്ന് ഏവരും തീരുമാനിച്ചു. ആരോഗ്യം മുതല്‍ സാമ്പത്തിക സ്ഥിതി വരെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പണ്ടു കാലത്തെ പോലെ പത്താമത്തെ കുഞ്ഞിന് തയാറെടുക്കുന്ന ഒരമ്മ ഇക്കാലത്തുമുണ്ടെന്ന് കേട്ടോലോ? അമ്പരക്കും അല്ലേ?

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്ലോയി എന്ന യുവതിയും ഭര്‍ത്താവുമാണ് തങ്ങളുടെ പത്താമത്തെ കണ്‍മണി വരുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മറ്റ് ഒന്‍പത് മക്കള്‍ക്കൊപ്പം ഇവര്‍ നില്‍ക്കുന്ന വീഡിയോയും വരാനിരിക്കുന്ന കുഞ്ഞിനായി തുന്നിയ വസ്ത്രത്തിന്റെ ചിത്രവും ഇവര്‍ പങ്കുവെച്ചു.



ക്ലോയി ആന്‍ഡ് ബീന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ "ഇത്രയും വേണോ' എന്നടക്കമുള്ള ചോദ്യങ്ങള്‍ നെറ്റിസണ്‍സിനിടയില്‍ നിന്നും വന്നു. "ആരോഗ്യം സംരക്ഷിക്കണേ', "മക്കള്‍ നിധികളാണ് ദൈവം അനുഗ്രഹിക്കട്ടെ', എന്നുള്‍പ്പടെയുള്ള കമന്‍റുകൾ പോസ്റ്റിനെ തേടിയെത്തി.

കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനെ ചൊല്ലി വിമര്‍ശിച്ച ചില നെറ്റിസണ്‍സിന് അവര്‍ക്കിടയില്‍ നിന്നും തന്നെ മറുപടി വന്നുവെന്നതാണ് കൗതുകകരമായ കാര്യം. "അത് അവരുടെ സ്വകാര്യതയല്ലേ'?, "അവര്‍ക്ക് നല്ല പ്ലാനിംഗുണ്ട്', "ആ ദമ്പതികള്‍ക്ക് ലഭിച്ച അനുഗ്രഹത്തില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും' നെറ്റിസണ്‍സ് പറഞ്ഞു.

ഈ കുടുംബത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്തായാലും കണ്‍മണി വരുന്നതു വരെ കാത്തിരിക്കുകയാണെന്നും കുട്ടി ജനിച്ചയുടന്‍ ഫോട്ടോ ഇടാന്‍ മറക്കരുതെന്നും നെറ്റിസണ്‍സ് അഭ്യര്‍ത്ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.