ശവകുടീരങ്ങളുടെ സന്ദര്‍ശകന്‍; വേറിട്ടൊരു ലോക സഞ്ചാരിയെക്കുറിച്ച്
Thursday, August 18, 2022 3:49 PM IST
ആളുകളൊക്കെ എന്തെങ്കിലുമൊരു ഹോബിയില്‍ താത്പര്യമുള്ളവരായിരിക്കുമല്ലൊ. നാണായ ശേഖരണം, സ്റ്റാമ്പ് ശേഖരണം, യാത്രകള്‍ അങ്ങനെ പലവിധ ഹോബികള്‍ പ്രസിദ്ധമാണല്ലൊ. എന്നാല്‍ ചിലരുടെ വിചിത്രമായ ശീലങ്ങള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.

അത്തരത്തിലൊരാളണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള മാര്‍ക്ക് ദാബസ് എന്നയാള്‍. ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ഹോബി. ഇതുവരെ 700ല്‍പരം ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് 49 കാരനായ ഇദ്ദേഹം. ഇതില്‍ 100 എണ്ണം ഇംഗ്ലണ്ടില്‍ ഉള്ളവ തന്നെയാണ്.

ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ചരിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് മാര്‍ക്ക് ദബാസ്. ഈ യാത്രകള്‍ക്കായി മാത്രം ഏകദേശം ഒന്നരക്കോടിയിലധികം രൂപയാണ് ഇദ്ദേഹം ചെലവാക്കിയിട്ടുള്ളത്.

വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ എഫ് കെന്നഡിയുടെയും വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെയും, ചൈനയിലെ ബീജിംഗിലുള്ള ചെയര്‍മാന്‍ മാവോയുടെയും ലോസ് ഏഞ്ചല്‍സിലെ മെര്‍ലിന്‍ മണ്‍റോയുടെയും ശവകുടീരങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ളവയില്‍ പ്രധാനമാണ്.

ഇപ്പോള്‍ ഈ ഹോബി നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ദബാസ് പറയുന്നു. സ്റ്റാലിനടക്കമുള്ള നിരവധി പ്രമുഖരുടെ അന്ത്യവിശ്രമയിടങ്ങള്‍ തനിക്കിനിയും കണ്ടുതീര്‍ക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ തനിക്ക് ധാരാളം അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് ദബാസ് കൂട്ടിച്ചേര്‍ക്കുന്നു. ഒരു നേഴ്സായി ജോലി ചെയ്യുന്ന മാര്‍ക്ക് ദബാസ് ഇപ്പോൾ തന്‍റെ അടുത്ത യാത്രയ്ക്കായുള്ള മാനസികമായ തയ്യാറെടുപ്പിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.