"മരണമാസ്'; ട്രെയിനില്‍ കാലനുവേണ്ടി സര്‍ക്കസ് കാട്ടുന്ന വയോധികന്
Monday, October 14, 2024 10:40 AM IST
ദിവസേന എത്രയെത്ര ട്രെയിന്‍ അപകടവാര്‍ത്തകളാണ് നമുക്ക് മുന്നില്‍ എത്തുന്നത്. അശ്രദ്ധ മൂലമൊ സാഹസികത മൂലമൊ പലര്‍ക്കും ജീവന്‍തന്നെ നഷ്ടപ്പെടാറുണ്ട്. അതിനാല്‍ത്തന്നെ ട്രെയിനിന്റെ വാതില്ക്കല് നില്‍ക്കരുതെന്ന് അധികൃതര്‍ താക്കീത് നല്‍കാറുണ്ട്.
എന്നാലും പലരും ഇത് തുടരും. ഓടുന്ന ട്രെയിനില്‍ നിന്നും തല പുറത്തേക്കിട്ട് ആവേശം കാട്ടും. ചിലര്‍ കാലൊക്കെ നീട്ടും. മിക്കവാറും യുവാക്കളാണ് ഇത്തരം ചിന്തയില്ലായ്മ പ്രവര്ത്തിയാക്കറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായമൊരു ഘടകമല്ലെന്ന് തെളിയിക്കുകയാണ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ.
ദൃശ്യങ്ങളില്‍ ഓടുന്ന ട്രെയിനിന്റെ വാതില്ക്കല് നില്ക്കുന്ന ഒരു വയോധികനെ കാണാം. ഇയാള്‍ പെട്ടെന്നുതന്നെ കോച്ചിന് പുറത്ത് തൂങ്ങിക്കിടക്കുന്നു. പടിയിലൂടെ താഴേക്ക് ഇറങ്ങുന്നു. സാഹസികമായി കൈവിട്ട് കയറുന്നു. പോരാഞ്ഞ് വാതിലിന് പുറത്തെ കമ്പികളിലൂടെ മുകളിലേക്ക് കയറുന്നു. കൈവിട്ട് നില്ക്കുന്നു.
ഒന്ന് ശ്രദ്ധതെറ്റിയാല്‍ ആളുടെ മരണം ഉറപ്പിക്കാം അത്ര അപകടകരമാം വിധമാണ് ഇയാളുടെ പ്രവൃത്തികള്‍. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. എന്നാല്‍ വീഡിയോയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പോലീസ് നടപടിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"എന്തായാലും വയസാംകാലത്തും ഇത്ര ഊര്‍ജസ്വലത' എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് "മരണമാസ് പ്രകടനം' എന്നാണ് മറ്റു ചിലര്‍ കുറിക്കുന്നത്. ഏതായാലും ഇതത്ര നല്ലതല്ലെന്ന് വിവരമുള്ള എല്ലാവരും ചൂണ്ടിക്കാട്ടുന്നുണ്ട്.