"ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ...’; വൈറലായി പൊതിച്ചോറിനുള്ളിലെ സ്നേഹക്കുറിപ്പ്
കാലം മുന്നോട്ടുപോകുമ്പോള്‍ നന്മ ഇല്ലാതാകുന്നെന്ന് പലരും വിലപിക്കാറുണ്ട്. എന്നാല്‍ അതത്ര ശരിയല്ലെന്നാണ് അടുത്തിടെ കോഴിക്കോട് നടന്നൊരു കാര്യം സൂചിപ്പിക്കുന്നത്.

മെഡിക്കല്‍ കോളജുകളില്‍ ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം. ഡിവൈഎഫ്ഐ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഉച്ചഭക്ഷണം ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്നതാണ് ഈ പരിപാടി.

അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്പാട് എംഇഎസ് കോളജ് അധ്യാപകനായ രാജേഷ് മോന്‍ജി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു കുട്ടിയുടെ ക്ഷമാപണമാണുള്ളത്.

തന്‍റെ അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. അതിനാല്‍ ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണമെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ളഎഴുത്തിലുള്ളത്.

അത്രമാത്രം സ്നേഹം നിറഞ്ഞ ഈ കുറിപ്പ് വൈകാതെ വൈറലായി മാറി. അജ്ഞാതയായ ആ കുട്ടിയെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

രാജേഷ് മോൻജിയുടെ കുറിപ്പ്:


“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ”
കോഴിക്കോട് മെഡിക്കൽ കോളജിൽ Dyfi നല്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം – പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! ‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്‍റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.

പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം❤️
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.☺️
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം☺️)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.