പ്രതീകാത്മക ചിത്രം
കല്യാണപെണ്ണിന്റെ കണ്ണെഴുത്തും, ചെക്കന്റെ കോട്ടും ടൈയും, ബാന്റ് മേളവും,എല്ലാം ചൈനയിൽ പതിയെ ഇല്ലാതാകുകയാണോ?
അതെ എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ചൈനക്കാർക്ക് ഇനി കെട്ട് വേണ്ട. 18 വർഷത്തിനിടയിൽ ഏറ്റവും കുറവ് വിവാഹങ്ങളാണ് ഈ വർഷം രാജ്യത്ത് നടന്നത്.ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്.ഈ വർഷം ആദ്യ ഒമ്പത് മാസം, വിവാഹം കഴിച്ചത് വെറും 46.5 ലക്ഷം ജോഡികൾ മാത്രം. അതേസമയം, മംഗല്യബന്ധം പൊട്ടിച്ചെറിഞ്ഞത് 20.8 ലക്ഷം പേരും.2006 ന് ശേഷം ഇതാദ്യമായാണ് വിവാഹങ്ങൾ ഇത്രയും കുറയുന്നത്.
എന്തുകൊണ്ട് ഇങ്ങനെ?
ചൈനീസ് യുവാക്കൾ പറയുന്നു,വിവാഹം വലിയ ചെലവാണ്. ജോലി തിരക്കും ജീവിതചെലവും പേടിച്ചാണ് പലരും മാറി നിൽക്കുന്നത്.
സർക്കാർ ആശങ്കയിൽ
ബെയ്ജിംഗിനെ സംബന്ധിച്ച് ഇത് വലിയ തലവേദനയാണ്. കാരണം, ചൈനയിൽ വിവാഹം കഴിഞ്ഞാലേ കുട്ടികളുണ്ടാകൂ എന്നാണ് പൊതുവെ. വിവാഹം കുറഞ്ഞാൽ പിന്നാലെ ജനന നിരക്കും കുത്തനെ കുറയും. ജനസംഖ്യ കുറയുന്ന ചൈനയ്ക്ക് ഇത് ഇരുട്ടടിയാണ്.
സർക്കാർ വെറുതെ ഇരുന്നിട്ടില്ല
കുട്ടികളുണ്ടായാൽ പണം നൽകാം, കുട്ടികളെ നോക്കാൻ സൗകര്യം കൂട്ടാം, ആശുപത്രി ചെലവ് കുറയ്ക്കാം, നഗരങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റി പണിയാം എന്നൊക്കെ വാഗ്ദാനം നൽകി. എന്നിട്ടും യുവാക്കൾ കേൾക്കുന്നില്ല.കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ചൈനയിലെ യുവാക്കൾ ഇനി തയ്യാറല്ല എന്ന് ചുരുക്കം.