ശാരീരിക പരിമിതികളെ അതിജീവിച്ച് ഉപജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു ഭക്ഷണ വിതരണ ജീവനക്കാരനോട് ഉപഭോക്താവ് കാണിച്ച ക്രൂരത ഓൺലൈൻ ലോകത്ത് വൻ രോഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഏറെ പ്രയാസപ്പെട്ട് പടികൾ കയറി ഭക്ഷണം എത്തിച്ചിട്ടും, വീട്ടുപടിക്കൽ വെച്ച് കസ്റ്റമർ ഓർഡർ റദ്ദാക്കുകയായിരുന്നു. ഡെലിവറി ഏജന്റെ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ അനുഭവം ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് നിമിഷങ്ങൾക്കകം പ്രചരിച്ചത്.
തനിക്ക് ശാരീരിക വൈകല്യമുള്ളതിനാൽ മുകളിലേക്ക് വരാൻ ബുദ്ധിമുട്ടാണെന്നും താഴേക്ക് വരാൻ സാധിക്കുമോ എന്നും ഇദ്ദേഹം ഉപഭോക്താവിനോട് ഫോണിൽ അഭ്യർഥിച്ചിരുന്നു. എന്നാൽ കേവലം 50 രൂപയുടെ ഭക്ഷണത്തിന് വേണ്ടി താൻ എന്തിന് താഴേക്ക് വരണം എന്ന മട്ടിലായിരുന്നു ഉപഭോക്താവിന്റെ പ്രതികരണം.
തുടര്ന്ന്, കസ്റ്റമറെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഏറെ പ്രയാസപ്പെട്ട് രണ്ടാം നിലയിലേക്ക് പടികൾ കയറാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പടികൾ ഓരോന്നായി കയറി ഒടുവിൽ ഭക്ഷണം വാതിൽപ്പടിയിൽ എത്തിച്ചപ്പോഴാണ് ഉപഭോക്താവ് ആ ഓർഡർ തന്നെ റദ്ദാക്കിയത്.
ഇതിന്റെ തെളിവായി "Order Cancelled" എന്ന് കാണിക്കുന്ന മൊബൈൽ സ്ക്രീൻ ഷോട്ടും അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. 'വീട്ടുപടിക്കൽ വരെ പാർസൽ എത്തിച്ചിട്ടും ഓർഡർ റദ്ദാക്കി' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ടരക്കോടിയോളം ആളുകളാണ് കണ്ടത്.
പത്തുലക്ഷത്തിലധികം ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളും നേടി വീഡിയോ തരംഗമായി മാറി. മനുഷ്യത്വമില്ലാത്ത ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പണത്തേക്കാളും സൗകര്യങ്ങളേക്കാളും മറ്റുള്ളവരുടെ അധ്വാനത്തെയും സാഹചര്യങ്ങളെയും മാനിക്കണമെന്നും, ഡെലിവറി ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹം തിരിച്ചറിയണമെന്നും നിരവധി പേർ കമന്റ് ചെയ്തു.
അതേസമയം, വീഡിയോ ചിത്രീകരിച്ച വ്യക്തിക്ക് ഇദ്ദേഹത്തെ സഹായിക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഈ സംഭവം മുൻകൂട്ടി തയ്യാറാക്കിയതാണോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്. എന്നാൽ, ഏതു സാഹചര്യത്തിലായാലും സാധാരണക്കാരായ തൊഴിലാളികൾ അനുഭവിക്കുന്ന അവഗണനയിലേക്കും കഷ്ടപ്പാടുകളിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നു.
Tags : ViralVideo Viral Zomato HumanityFirst DeliveryAgent ZomatoDelivery