നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബാല്യകാലത്തെ വേനലവധി ഓർമ്മകൾക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. മുത്തശ്ശിമാരുടെ കരുതലും സ്നേഹവും നിറഞ്ഞ ആ വീടുകൾ എന്നും സുരക്ഷിതമായ ഒരിടമായിരുന്നു.
എന്നാൽ നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ അതേ മുത്തശ്ശി ഒരു തണലായി മാറുകയും, ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ അവരെ സാക്ഷിയാക്കാൻ സാധിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
അത്തരത്തിൽ വികാരനിർഭരമായ ഒരു നിമിഷത്തിനാണ് പൂനെയിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റൻ ശ്രുതി എന്ന പൈലറ്റും അവരുടെ പ്രിയപ്പെട്ട നാനിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ പലരുടെയും കണ്ണുനിറയ്ക്കുന്നുണ്ട്.
ഈ വിജയഗാഥയ്ക്ക് ഏതാണ്ട് 15 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുൻപ് എയർ ഇന്ത്യയുടെ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത്, പഠനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായി ശ്രുതി താമസിച്ചിരുന്നത് മുത്തശ്ശിയുടെ വീട്ടിലായിരുന്നു.
അന്ന് ആ കൊച്ചു വീട്ടിലിരുന്ന് കണ്ട വലിയ സ്വപ്നങ്ങൾ ഇന്ന് ആകാശത്തോളം ഉയർന്നിരിക്കുന്നു. താൻ നിയന്ത്രിക്കുന്ന വിമാനത്തിൽ തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഒരു യാത്രക്കാരിയായി കിട്ടിയപ്പോൾ തന്റെ ജീവിതം പൂർണമായെന്നാണ് ശ്രുതി വിശേഷിപ്പിച്ചത്.
യാത്രക്കാർക്കായി വിമാനത്തിൽ പതിവ് അറിയിപ്പുകൾ നൽകുന്നതിനിടെയാണ് ശ്രുതി മൈക്രോഫോണിലൂടെ ആ സർപ്രൈസ് വെളിപ്പെടുത്തിയത്. ആദ്യം ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയ അവർ പിന്നീട് തന്റെ മുത്തശ്ശിക്കായി മറാത്തിയിലേക്ക് മാറി.
വിമാനത്തിൽ ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു അതിഥിയുണ്ടെന്നും അത് തന്റെ മുത്തശ്ശിയാണെന്നും ശ്രുതി അഭിമാനത്തോടെ പറഞ്ഞപ്പോൾ വിമാനത്തിനുള്ളിൽ സ്നേഹത്തിന്റെ കരഘോഷം മുഴങ്ങി.
തന്റെ കൊച്ചുമകൾ പൈലറ്റായി പറക്കുന്ന വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുന്ന ആ മുത്തശ്ശിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം വാക്കുകൾക്ക് അപ്പുറമായിരുന്നു.
ഇംഗ്ലീഷിലുള്ള അറിയിപ്പുകൾ പൂർണമായി മനസിലായില്ലെങ്കിലും, തന്റെ പേര് പറയുന്നത് കേട്ടപ്പോൾ ആ വൃദ്ധയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി.
തനിക്ക് ചുറ്റുമുള്ള യാത്രക്കാരോട് "അനൗൺസ്മെന്റ് ചെയ്യുന്നത് എന്റെ കൊച്ചുമകളാണ്" എന്ന് അവർ അഭിമാനത്തോടെ പറയുന്നത് ആ വീഡിയോയിൽ കാണാം.
ഒരു മകൾ വിജയിക്കുമ്പോൾ മാതാപിതാക്കൾക്ക് തോന്നുന്നതിനേക്കാൾ വലിയൊരു സംതൃപ്തി ആ മുത്തശ്ശിയുടെ മുഖത്തുണ്ടായിരുന്നു. വർഷങ്ങളായുള്ള പ്രാർഥനകളുടെയും കരുതലുകളുടെയും ഫലമാണ് ആകാശത്ത് തിളങ്ങുന്ന തന്റെ കൊച്ചുമകളെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ ശ്രുതി പങ്കുവെച്ച ഈ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. തന്റെ ഈ നേട്ടം കുടുംബത്തിനും തന്നെ പഠിപ്പിച്ച അധ്യാപകർക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കാനാണ് ശ്രുതി ആഗ്രഹിക്കുന്നത്.
വെറുമൊരു ഔദ്യോഗിക നേട്ടത്തിനപ്പുറം, മുതിർന്നവരോടുള്ള ആദരവും നന്ദിയും തലമുറകൾ തമ്മിലുള്ള ബന്ധവും ഈ കൊച്ചു വീഡിയോയിലൂടെ ലോകത്തിന് മുൻപിൽ ഒരിക്കൽ കൂടി തെളിയുകയാണ്.
Tags : ViralVideo HeartwarmingStory TrendingNow Inspiration EmotionalMoments