വീഡിയോയിൽ നിന്നുമുള്ള ചിത്രം
മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ച് സിനിമ കാണാനെത്തിയ യുവാവും തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒക്ടോബർ 30 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ലക്ഷ്യ മേത്ത എന്ന എക്സ് ഉപയോക്താവാണ് പുറത്തുവിട്ടത്.
ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകളും സമാന ഉപകരണങ്ങളും തിയേറ്ററിനുള്ളിൽ അനുവദിക്കില്ലെന്ന പിവിആർ നയം വ്യക്തമാക്കിയാണ് ജീവനക്കാരൻ യുവാവിനെ തടഞ്ഞത്. ഇതിനായി തിയേറ്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മുന്നറിയിപ്പ് ബോർഡും സെക്യൂരിറ്റി ജീവനക്കാരൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ, തന്റെ കാഴ്ചശക്തിക്കുറവ് പരിഹരിക്കാനുള്ള പവർ ലെൻസുകളാണ് ഈ ഗ്ലാസിലുള്ളതെന്നും ഇത് അഴിച്ചു മാറ്റിയാൽ തനിക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും യുവാവ് വാദിച്ചു. സിനിമ ചിത്രീകരിക്കാനാണെങ്കിൽ എല്ലാവരും ഉള്ളിലേക്ക് കൊണ്ടുപോകുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചും അത് ചെയ്യാമല്ലോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾത്തന്നെ ഇത്തരം ഉപകരണങ്ങൾക്കുള്ള നിരോധനത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും, നിയമങ്ങളിൽ ഇളവ് വരുത്താൻ സാധിക്കില്ലെന്നും ജീവനക്കാരൻ മറുപടി നൽകി. ഗ്ലാസുകൾ പുറത്ത് ഏൽപ്പിച്ച ശേഷം മാത്രം അകത്തേക്ക് പ്രവേശിക്കാനായിരുന്നു നിർദ്ദേശം.
നിയമങ്ങളെക്കുറിച്ച് തർക്കിക്കുന്ന വ്യക്തി ആ ദൃശ്യങ്ങൾ പകർത്തിയത് അതേ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചാണ് എന്നത് കൗതുകകരമാണെന്ന് ഒരു വിഭാഗം ആളുകൾ കുറിച്ചു.
ഫോൺ വഴിയുള്ള ചിത്രീകരണം എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുമെങ്കിലും സ്മാർട്ട് ഗ്ലാസുകളിലൂടെയുള്ള റിക്കാർഡിംഗ് തിരിച്ചറിയാൻ പ്രയാസമാണെന്നും, സുരക്ഷാ ജീവനക്കാരോട് തർക്കിക്കാതെ സാധാരണ പവർ കണ്ണട ഉപയോഗിച്ച് സിനിമ കാണുകയാണ് യുവാവ് ചെയ്യേണ്ടിയിരുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
സിനിമ ഏതാണെന്നോ തിയേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലമേതാണെന്നോ ദൃശ്യങ്ങളിൽ വ്യക്തമല്ല. സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി മെറ്റാ ഗ്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം റിക്കാർഡിംഗ് ഉപകരണങ്ങൾക്കും പിവിആർ ഐനോക്സ് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപകരണം പ്രവർത്തിക്കുന്ന അവസ്ഥയിലല്ലെങ്കിൽ പോലും ഇവ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കില്ല. നിബന്ധനകൾ ലംഘിക്കുന്നവരെ അകത്തു പ്രവേശിക്കുന്നതിൽ നിന്ന് തടയാനും ടിക്കറ്റ് തുക തിരികെ നൽകാതെ പുറത്താക്കാനും നിയമനടപടികൾ സ്വീകരിക്കാനും തിയേറ്റർ അധികൃതർക്ക് അധികാരമുണ്ട്.
A man went to watch a movie at PVR wearing Meta glasses, but security stopped him, saying they are not allowed. Staff explained him that PVR has a policy against Meta glasses, which is also mentioned on a banner outside. The man started arguing that he couldn’t remove them because they had prescription lenses. But, I don’t understand why PVR has banned Meta glasses? Anyone who wants to record a movie can do so using a mobile phone too ??♂️
— Lakshay Mehta (@lakshaymehta08) November 5, 2026
Tags : ViralVideo MetaGlasses PVRInox CinemaRules TechVsPolicy SmartGlasses