റഷ്യൻ സൈനിക പരിശീലനത്തിനിടെയുണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സാധാരണയായി അറ്റാക്ക് ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന മാരകശേഷിയുള്ള ഒരു മെഷീൻ ഗൺ, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു ട്രക്കിന് മുകളിൽ താൽക്കാലികമായി ഘടിപ്പിച്ച് വെടിയുതിർത്തതാണ് അപകടത്തിന് കാരണമായത്.
സൈനികൻ ട്രിഗർ അമർത്തിയ നിമിഷം തന്നെ ആയുധത്തിന്റെ അതിശക്തമായ റീക്കോയിൽ കാരണം നിയന്ത്രണം നഷ്ടപ്പെടുകയും, ഗൺ പ്ലാറ്റ്ഫോം അതിവേഗം ചുറ്റിക്കറങ്ങാൻ തുടങ്ങുകയുമായിരുന്നു.
ഇതിനിടയിൽ സൈനികൻ നിലത്തേക്ക് തെറിച്ചുവീണെങ്കിലും നിയന്ത്രണം വിട്ട തോക്ക് നാനാഭാഗങ്ങളിലേക്കും തുരുതുരാ വെടിയുതിർത്തു. സമീപത്തുണ്ടായിരുന്ന മറ്റ് സൈനികർ ജീവരക്ഷാർഥം ഓടിമാറിയ ഈ സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര തലത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ, റഷ്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
Tags : MilitaryMishap RussianArmy MilitaryDrill ViralVideo WeaponRecoil