ക്രിസ്മസ് തിരക്കുകൾക്കിടയിൽ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് രാജസ്ഥാനിൽ നിന്നൊരു ഒരു സാന്താക്ലോസ്.
പരമ്പരാഗതമായ ക്രിസ്മസ് കരോൾ ഗാനങ്ങൾക്ക് പകരം, ഉത്തരേന്ത്യൻ ആഘോഷങ്ങളിൽ അവിഭാജ്യഘടകമായ 'പല്ലോ ലട്കെ' എന്ന നാടോടി ഗാനത്തിനാണ് ഇവിടെ സാന്താ ചുവടുവെക്കുന്നത്.
1979-ൽ പുറത്തിറങ്ങിയ 'നൗക്കർ' എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഈ ഗാനം ഇന്നും ഇന്ത്യയിലുടനീളം ആരാധകരുടെ പ്രിയപ്പെട്ടതാണ്. ഒരു വീടിന്റെ മുറ്റത്ത് രാത്രിയിൽ നടന്ന സംഗീത വിരുന്നിലാണ് സാന്താ അതിഥിയായി എത്തിയത്.
പാട്ടുകാർ പാട്ടു തുടങ്ങിയതോടെ ആവേശം അടക്കാനാവാതെ സാന്താ നൃത്തം ആരംഭിക്കുകയായിരുന്നു. പാട്ടിന്റെ ഓരോ വരിക്കും അനുയോജ്യമായ രീതിയിൽ കൈകൾ വീശിയും താളം പിടിച്ചും സാന്താ നടത്തുന്ന പ്രകടനം കാണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്.
'സാന്താക്ലോസ് രാജസ്ഥാനിലെത്തിയാൽ ഇങ്ങനെയിരിക്കും' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
വിദേശ സംസ്കാരവും ഇന്ത്യൻ നാടോടി സംഗീതവും ഇത്ര മനോഹരമായി ചേരുന്നത് കാണാൻ നല്ല രസമാണെന്നാണ് പലരുടെയും അഭിപ്രായം.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ ഉന്മേഷം പകരുന്ന ഒന്നായി ഈ വൈറൽ വീഡിയോ മാറിയിരിക്കുകയാണ്.
Tags : ViralVideo TrendingNow InternetSensation SantaClaus Christmas2025