മധ്യപ്രദേശിലെ നർമ്മദാ നദിയിൽ ഭക്തിയുടെ പേരിൽ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിവിട്ട സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ആത്മീയമായ നേർച്ച നിറവേറ്റുന്നതിന്‍റെ ഭാഗമായി ഭക്തർ ഏകദേശം 11,000 ലിറ്റർ പാലാണ് പുഴയിലേക്ക് ഒഴിച്ചത്.
നദിയിലെ ജലജീവികൾക്ക് ഭക്ഷണമായും പുണ്യനദിയോടുള്ള ആദരവായുമാണ് ഈ വഴിപാട് നടത്തിയതെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും, സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
വിശ്വാസത്തിന്‍റെ പേരിൽ നടത്തുന്ന ഇത്തരം പാഴാക്കലുകൾ അനാചാരമാണെന്നും ഇത് പരിസ്ഥിതിക്കും സമൂഹത്തിനും വലിയ ദോഷമുണ്ടാക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വാദം.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുമ്പോൾ, ഇത്ര വലിയ അളവിൽ പാൽ പുഴയിലൊഴുക്കുന്നത് സാമൂഹികമായ അനീതിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന പാലിൽ പോലും മായം കലരുന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ, ദൈവപ്രീതിയുടെ പേരിൽ ഇത്തരമൊരു പ്രവർത്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
മാത്രമല്ല, പാൽ നദിയിലേക്ക് ഒഴിക്കുന്നത് പരിസ്ഥിതിക്ക് ഒട്ടും നല്ലതല്ലെന്ന് ശാസ്ത്രലോകവും മുന്നറിയിപ്പ് നൽകുന്നു. പാലിലെ ഓർഗാനിക് ഘടകങ്ങൾ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയുകയും, ഇത് മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും കൂട്ടമരണത്തിന് കാരണമാവുകയും ചെയ്യും.
പാലിലെ കൊഴുപ്പ് വെള്ളത്തിന് മുകളിൽ ഒരു പാളിയായി രൂപപ്പെടുന്നത് ജലജീവികളുടെ ശ്വസനപ്രക്രിയയെ തടസപ്പെടുത്താനും സാധ്യതയുണ്ട്. ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും ഭക്തിയെന്നത് പ്രകൃതിയെയും മനുഷ്യനെയും കൂടി പരിഗണിക്കുന്നതാകണമെന്നുമാണ് ഈ വിവാദം ഇപ്പോൾ ഉയർത്തുന്ന പ്രധാന സന്ദേശം.
11 हजार लीटर दूध नर्मदा नदी में चढ़ा दिया गया !! pic.twitter.com/xep3ZAZOs8
— Sachin Gupta (@Sachingupta) April 9, 2026
Tags : NarmadaRiver ViralVideo TrendingNow IndiaNews SocialMediaDebate