പഞ്ചാബിലെ തൺ തരൺ ജില്ലയിലുള്ള പത്തി നഗരത്തിൽ ഫെബ്രുവരി 14 -ന് നടന്ന ഒരു വിവാഹാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വധൂവരന്മാരെ സാക്ഷിയാക്കി അതിഥികൾ നടത്തിയ നോട്ടുമഴയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ആഡംബര വിവാഹം വാർത്തകളിൽ ഇടംപിടിച്ചത്.
വർണാഭമായ വേദിയിൽ വധൂവരന്മാർ നിൽക്കുമ്പോൾ ചുറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും നോട്ടുകെട്ടുകൾ അന്തരീക്ഷത്തിൽ പറത്തുന്നതാണ് വീഡിയോയിലെ പ്രധാന കാഴ്ച. 10 രൂപയുടെ ആയിരക്കണക്കിന് നോട്ടുകളാണ് ഇത്തരത്തിൽ വിവാഹ പന്തലിൽ പൊഴിഞ്ഞു വീണത്.
ആഘോഷത്തിന്റെ ആവേശം കൂടിയതോടെ നിലം മുഴുവൻ നോട്ടുകൾ കൊണ്ട് മൂടിയ അവസ്ഥയിലായി. ഏകദേശം 40000 പത്തു രൂപ നോട്ടുകളാണ് ഇത്തരത്തിൽ എറിഞ്ഞതെന്നാണ് ഈ വീഡിയോ പങ്കുവെച്ചവർ അവകാശപ്പെടുന്നത്.
കോടിക്കണക്കിന് രൂപ ഇത്തരത്തിൽ ചിലവഴിച്ചു എന്ന് സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിച്ചെങ്കിലും, ഏകദേശം നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ വിവാഹ വേദിയിൽ എറിഞ്ഞതെന്നാണ് പ്രാദേശികമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഘോഷങ്ങൾക്കൊടുവിൽ തറയിൽ ചിതറിക്കിടക്കുന്ന പണം ആളുകൾ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പഞ്ചാബി കല്യാണങ്ങളുടെ പരമ്പരാഗതമായ ആവേശവും ഗംഭീരമായ ആഘോഷരീതിയും ഇതിൽ കാണാമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കടുത്ത വിമർശനവുമായാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയിരിക്കുന്നത്.
പണം ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് തികഞ്ഞ അഹങ്കാരമാണെന്നും ഇത് സമൂഹത്തിൽ തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരായ ആളുകൾക്ക് ഇത്തരം പ്രവണതകൾ വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുമെന്നും അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവായ അഭിപ്രായം.
Tags : PunjabWedding CashRain ViralWedding TarnTaran BigFatIndianWedding