തിരക്കിട്ട ഡയാലിസിസ് യൂണിറ്റിൽ, കസേരകളിൽ ചാരിയിരിക്കുന്ന ഓരോ മുഖത്തും ഞാൻ ഒരു ചോദ്യം വായിക്കാറുണ്ട്. നാല് മണിക്കൂർ നീളുന്ന ഈ പ്രക്രിയ, ശരീരത്തിലെ മാലിന്യം നീക്കി താത്കാലിക ആശ്വാസം നൽകുമെങ്കിലും ഓരോ രോഗിയുടെയും മനസിൽ ഒരേയൊരു ചിന്ത എപ്പോഴും അലയടിക്കുന്നുണ്ടാകും.
ഒരു ഡോക്ടർ എന്ന നിലയിൽ അവർ എന്നോട് നേരിട്ട് ചോദിക്കുന്നതും ചിലർ കണ്ണുകളിലൂടെ പറയാൻ ശ്രമിക്കുന്നതുമായ ചോദ്യം "ഡോക്ടർ, എത്രകാലം ഇത് തുടരണം? ഈ പ്രയാസങ്ങൾക്കൊടുവിൽ ഇനിയൊരു സാധാരണ ജീവിതം എനിക്ക് സാധ്യമാകുമോ?'.
ഇതൊരാളുടെ മാത്രം ആശങ്കയല്ല. വൃക്കരോഗത്തിന്റെ ആദ്യ സൂചനകൾ പലപ്പോഴും നിശബ്ദമായി അവഗണിച്ചുപോകുന്ന ഒരു സമൂഹത്തിൽ, രോഗം മൂർച്ഛിച്ച് ഡയാലിസിസിനെ ആശ്രയിക്കേണ്ടി വരുന്നതോ, അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ എന്ന നിർണായക തീരുമാനത്തിലേക്ക് എത്തേണ്ടി വരുന്നതോ ആയ ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ഭയവുമാണ് ഈ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്.
നിശബ്ദമായ വൃക്കരോഗ ലക്ഷണങ്ങൾ അവഗണിക്കരുത്
വൃക്കരോഗം പലപ്പോഴും ഒരു നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത്. 80 ശതമാനം വരെ വൃക്കയുടെ പ്രവർത്തനം നഷ്ടപ്പെട്ടാൽ പോലും കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാം. അതുകൊണ്ടാണ് പ്രതിരോധം ഏറ്റവും പ്രധാനമാകുന്നത്.
ഏറ്റവും സാധാരണയായി ശ്രദ്ധിക്കാതെ പോകുന്ന ചില മുൻകൂർ ലക്ഷണങ്ങൾ:
- കാരണം വ്യക്തമല്ലാത്ത തുടർച്ചയായ ക്ഷീണം.
- ഉറങ്ങാൻ പ്രയാസം അനുഭവപ്പെടുക.
- ശരീരത്തിൽ അമോണിയയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ.
- രാത്രിയിൽ കൂടെക്കൂടെ മൂത്രം ഒഴിക്കേണ്ടി വരിക (Nocturia), മൂത്രത്തിൽ പത (Proteinuria), അല്ലെങ്കിൽ രക്തത്തിന്റെ അംശം (Hematuria).
- കൈകാലുകളിലെ നീര് (Edema): വൃക്കകൾക്ക് അധികരിച്ച ദ്രാവകവും സോഡിയവും പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ.
- പ്രമേഹം (Diabetes), അമിത രക്തസമ്മർദ്ദം (Hypertension) എന്നിവയാണ് വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ.
ഇവ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ വൃക്കരോഗം ഒരു പരിധി വരെ തടയാൻ സാധിക്കും.
വൃക്ക മാറ്റിവയ്ക്കൽ: രണ്ടാമതൊരു ജീവിതം
വൃക്ക തകരാറിന്റെ അവസാന ഘട്ടത്തിൽ (ESRD - End-Stage Renal Disease), വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ രോഗികളെ സഹായിക്കുന്ന ഏറ്റവും മികച്ച ചികിത്സാരീതി.
ഇത് ഡയാലിസിസിനേക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരം, കൂടുതൽ ഊർജ്ജസ്വലത, ഭക്ഷണത്തിലെ നിയന്ത്രണങ്ങളിൽ അയവ്, ആയുർദൈർഘ്യം എന്നിവ നൽകും .
റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ:
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് റോബോട്ട് സഹായത്തോടെയുള്ള വൃക്ക മാറ്റിവയ്ക്കൽ (Robot-Assisted Kidney Transplantation).
ഈ മിനിമലി ഇൻവേസിവ് (Minimally Invasive) സാങ്കേതികവിദ്യ, പരമ്പരാഗതമായി വലിയ മുറിവുകളിലൂടെ നടത്തിയിരുന്ന ശസ്ത്രക്രിയയെ കൂടുതൽ ലളിതവും കൃത്യതയുള്ളതുമാക്കുന്നു.
എന്താണ് റോബോട്ടിക് ട്രാൻസ്പ്ലാന്റ്?
ഒരു സർജൻ റോബോട്ടിക് കൺസോളിന്റെ സഹായത്തോടെ റോബോട്ടിക് കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണിത്.
ചെറിയ മുറിവുകൾ: വയറിലെ വളരെ ചെറിയ ദ്വാരങ്ങളിലൂടെയാണ് (ചെറിയ മുറിവുകൾ) ശസ്ത്രക്രിയ ചെയ്യുന്നത്.
ഇതിലൂടെ വൃക്ക സ്ഥാപിക്കുകയും രക്തക്കുഴലുകളും മൂത്രനാളിയും യോജിപ്പിക്കുകയും ചെയ്യുന്നു.
വർധിച്ച കൃത്യത: റോബോട്ടിക് സംവിധാനം ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തിന്റെ 10-20 മടങ്ങ് വരെ വലുതാക്കിയ 3ഡി ദൃശ്യം സർജന് നൽകുന്നു.
കൂടാതെ, റോബോട്ടിക് ഉപകരണങ്ങൾക്ക് മനുഷ്യന്റെ കൈകൾക്ക് സാധിക്കാത്തത്ര സൂക്ഷ്മമായ ചലനങ്ങൾ സാധ്യമാക്കുകയും കൈ വിറയലുകൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.
വേഗത്തിലുള്ള രോഗമുക്തി: മുറിവുകൾ ചെറുതായതിനാൽ വേദന കുറവായിരിക്കും. അതിനാൽ, രോഗികൾക്ക് ആശുപത്രിവാസം കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താനും സാധിക്കുന്നു.
രക്തസ്രാവം കുറവ്: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തനഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.
ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയാ സ്ഥലത്തെ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
മുറിപ്പാടുകൾ വളരെ ചെറുതായിരിക്കും അമിതവണ്ണമുള്ള രോഗികൾക്ക് റോബോട്ടിക് ട്രാൻസ്പ്ലാന്റ് കൂടുതൽ സുരക്ഷിതവുമാണ്.
ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ
ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ശാരീരികമായ വീണ്ടെടുക്കൽ ഒരു യാത്രയാണ്.
പ്രതിരോധ മരുന്നുകൾ (Immunosuppressants): മാറ്റിവെച്ച വൃക്കയെ ശരീരം അന്യമായി കണ്ട് തള്ളിക്കളയാതിരിക്കാൻ ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. ഇവ കൃത്യസമയത്ത് കഴിക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.
ഈ മരുന്നുകൾക്ക് ചിലപ്പോൾ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടാം, എങ്കിലും വൃക്ക നിലനിർത്താൻ ഇത് അത്യാവശ്യമാണ്.
മുറിവുണങ്ങൽ: ആദ്യത്തെ കുറച്ച് മാസങ്ങളിൽ ശസ്ത്രക്രിയയുടെ മുറിവുണങ്ങുന്നതിലും പതിവായി പരിശോധനകൾ നടത്തുന്നതിലും ശ്രദ്ധിക്കണം.
ക്രമമായ പരിശോധനകൾ: ട്രാൻസ്പ്ലാന്റിന് ശേഷം, വൃക്കയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പതിവായി രക്തപരിശോധനകളും ഫോളോ-അപ്പുകളും ആവശ്യമാണ്.
ശാരീരിക വെല്ലുവിളികൾക്കൊപ്പം വൈകാരികമായ പിന്തുണയും ട്രാൻസ്പ്ലാന്റ് രോഗികൾക്ക് അത്യാവശ്യമാണ്.
ദാതാവിനോടുള്ള കടപ്പാട്, മരുന്നുകളുടെ ചെലവ്, രോഗം വീണ്ടും വരുമോ എന്നുള്ള ആശങ്കകൾ എന്നിവയെല്ലാം ഒരു രോഗിക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കാം.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഈ ഘട്ടത്തിൽ ഒരുപാട് സഹായകരമാകും.
ദീർഘകാല പരിചരണവും ജീവിതശൈലിയും
വൃക്ക മാറ്റിവച്ച ശേഷം ഒരു പുതിയ ജീവിതശൈലി സ്വീകരിക്കേണ്ടത് വിജയകരമായ ദീർഘകാല പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.
ആരോഗ്യകരമായ ഭക്ഷണം: ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ സമീകൃതാഹാരം കഴിക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ശുദ്ധജലം ആവശ്യത്തിന് കുടിക്കുക.
വ്യായാമം: പതിവായി ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് ഊർജം നൽകാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
മദ്യവും പുകവലിയും ഒഴിവാക്കുക: ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് മാറ്റിവെച്ച വൃക്കയുടെ ആരോഗ്യത്തിന് നിർബന്ധമാണ്.
മാനസികാരോഗ്യം: നല്ല ഉറക്കം, സ്ട്രെസ്സ് നിയന്ത്രണം എന്നിവ പ്രധാനമാണ്.
വൃക്ക മാറ്റിവയ്ക്കൽ എന്നത് ഒരു രോഗചികിത്സ മാത്രമല്ല, രണ്ടാമതൊരു അവസരം ലഭിക്കുന്നതിന് തുല്യമാണ്.
കൃത്യമായ പ്രതിരോധത്തിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ട്രാൻസ്പ്ലാന്റിന് ശേഷമുള്ള ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെയും ആർക്കും സാധാരണ നിലയിലുള്ള, സന്തോഷകരമായ ഒരു ജീവിതം തിരികെ നേടാനാകും.
നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റ്/നെഫ്രോളജിസ്റ്റിനെ സമീപിക്കുക.
ഡോ. റോയി പി. ജോൺ
സീനിയർ കൺസൾട്ടന്റ്, യൂറോളജി & കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി