കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് കണിയാന്പറ്റ ഡിവിഷനിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച എം. സുനിൽകുമാർ. 9,378 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. പോൾ ചെയ്തതിൽ 17,563 വോട്ടാണ് സുനിൽകുമാറിന് ലഭിച്ചത്. തൊട്ടടുത്ത എതിരാളി എൻസിപി-എസിലെ പി.എം. സുകുമാരന് 8,185 വോട്ട് ലഭിച്ചു. ബിജെപിയിലെ ശരത്കുമാർ 5,549 വോട്ട് നേടി.
നൂൽപ്പുഴ ഡിവിഷൻ നേടിയ കോണ്ഗ്രസിലെ ഷീജ സതീഷിനാണ് ഏറ്റവും കുറവ് ഭൂരിപക്ഷം-272 വോട്ട്.
ഡിവിഷനിൽ 10,298 വോട്ട് കൈപ്പത്തി അടയാളത്തിൽ പതിഞ്ഞപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഎമ്മിലെ ബിന്ദു മനോജിന് 10,026 വോട്ട് ലഭിച്ചു. ബിജെപിയിലെ സാവിത്രി കൃഷ്ണൻകുട്ടിക്ക് 4,576 വോട്ട് കിട്ടി. അന്പലവയൽ ഡിവിഷനിൽ കോണ്ഗ്രസിലെ ജിനി തോമസ് നേരിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. 342 വോട്ടാണ് ഭൂരിപക്ഷം. അവർക്ക് 11,200 ഉം സിപിഎമ്മിലെ എൻ.പി. കുഞ്ഞുമോൾക്ക് 10,858 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ഏലിയാമ്മ വർഗീസ് 342 വോട്ട് നേടി. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റാണ് ജിനി തോമസ്. സിപിഎം മീനങ്ങാടി ഏരിയ മുൻ സെക്രട്ടറിയാണ് എൻ.പി. കുഞ്ഞുമോൾ.
തവിഞ്ഞാൽ, കേണിച്ചിറ, മേപ്പാടി ഡിവിഷനുകളിൽ ശക്തമായ മത്സരമാണ് നടന്നത്. തവിഞ്ഞാലിൽ കോണ്ഗ്രസിലെ ലിസി ജോസ് 779 വോട്ടിനാണ് വിജയിച്ചത്. 10,204 വോട്ട് അവർ നേടി. സിപിഎമ്മിലെ റഹീമ വാളാട് 9,425 വോട്ട് പിടിച്ചു. ബിജെപിയിലെ ശോഭ ഷാജി 38881 വോട്ട് നേടി.
കേണിച്ചിറയിൽ 861 വോട്ടാണ് കോണ്ഗ്രസിലെ അമൽ ജോയിയുടെ ഭൂരിപക്ഷം. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റായ അമലിന് 8,836 വോട്ട് ലഭിച്ചു. സിപിഐയിലെ കെ.എം. ബാബു 7,975 വോട്ട് നേടി. ബിജെപിയിലെ കലേഷ് സത്യാലയം 5,776 വോട്ട് കരസ്ഥമാക്കി. മേപ്പാടിയിൽ മുസ്ലിംലീഗിലെ ടി. ഹംസ 760 വോട്ടിനാണ് സിപിഐയിലെ എ. ബാലചന്ദ്രനെ മറികടന്നത്. ഹംസയ്ക്ക് 10,267 ഉം ബാലചന്ദ്രന് 9507 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ടി.എം. സുബീഷ് 2885 വോട്ട് നേടി. എഎപിയിലെ സദീറിനു 477 വോട്ട് ലഭിച്ചു.
മുള്ളൻകൊല്ലി പട്ടികവർഗ സംവരണ ഡിവിഷനിൽ കോണ്ഗ്രസിലെ ഗിരിജ കൃഷ്ണൻ ഉജ്വല വിജയമാണ് നേടിയത്. 6,768 വോട്ടാണ് ഭൂരിപക്ഷം. കാലാവധി കഴിഞ്ഞ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയാണ് ഗിരിജ. തൊട്ടടുത്ത എതിർ സ്ഥാനാർഥി കേരള കോണ്ഗ്രസ്-എമ്മിലെ കെ.പി. സൂര്യമോൾക്ക് 7,407 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ മുകുന്ദൻ പള്ളിയറ 5057 ഉം സ്വതന്ത്രൻ എ. ചന്തുണ്ണി 636 ഉം വോട്ട് നേടി.
തോമാട്ടുചാൽ, പടിഞ്ഞാറത്തറ, തരുവണ ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിന് ഉടമകളായി. തോമാട്ടുചാലിൽ 6,303 വോട്ടാണ് കോണ്ഗ്രസിലെ വി.എൻ. ശശീന്ദ്രന്റെ ഭൂരിപക്ഷം. അദ്ദേഹത്തന് 14,478 ഉം തൊട്ടടുത്ത എതിർ സ്ഥാനാർഥി ആർജെഡിയിലെ പി.വി. വേണുഗോപാലിന് 8,175 ഉം വോട്ട് കിട്ടി. ബിജെപിയിലെ കെ. സദാനന്ദൻ 4,440 ഉം എസ്ഡിപിഐയിലെ ജാഫർ 1,856 ഉം എഎപിയിലെ എൻ. സൽമാൻ 545 ഉം വോട്ട് കരസ്ഥമാക്കി.
പടിഞ്ഞാറത്തറയിൽ 5,581 വോട്ടാണ് മുസ്ലിം ലീഗിലെ കമല രാമന്റെ ഭൂരിപക്ഷം. 13,476 വോട്ട് കോണി അടയാളത്തിൽ പതിഞ്ഞു. ആർജെഡിയിലെ ശാരദ മണിയന് 7,895 വോട്ട് കിട്ടി. ബിജെപിയിലെ ചന്ദ്രിക ചന്ദ്രൻ 3,166 വോട്ട് കരസ്ഥമാക്കി. പട്ടികവർഗ വനിതാ സംവരണ ഡിവിഷനാണ് പടിഞ്ഞാറത്തറ. തരുവണയിൽ മുസ്ലിംലീഗിലെ പി. മുഫീദ തെസ്നി 5,710 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 13,292 വോട്ട് അവർക്ക് ലഭിച്ചു. സിപിഎമ്മിലെ പി.എം. ആസ്യ 7,582 വോട്ട് നേടി. ബിജെബിയിലെ വിജിഷ സജീവനു 2,627 ഉം എസ്ഡിപിഐയിലെ സഫീനയ്ക്ക് 1,339 ഉം വോട്ട് ലഭിച്ചു.
കോണ്ഗ്രസിനും കേരള കോണ്ഗ്രസ് ജോസഫിനും സ്ഥാനാർഥിയുണ്ടായിരുന്ന മീനങ്ങാടി ജനറൽ ഡിവിഷനിലും നല്ല മത്സരമാണ് നടന്നത്. സിപിഎമ്മിലെ ബീന വിജയൻ 1,415 വോട്ട് ഭൂരിപക്ഷത്തിനാണ് ഡിവിഷനിൽ വിജയിച്ചത്. 12,373 വോട്ട് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പതിഞ്ഞു. യുഡിഎഫിലെ ഗൗതം ഗോകുൽദാസിന് 10,958 വോട്ട് ലഭിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റാണ് ഗൗതം. ബിജെപിയിലെ കെ. ശ്രീനിവാസൻ 2,835 വോട്ട് നേടി. കേരള കോണ്ഗ്രസ് ജോസഫിലെ ലിന്േറാ കെ. കുര്യാക്കോസിന് 707 വോട്ട് മാത്രമാണ് ലഭിച്ചത്. പാർട്ടി ജില്ലാ നേതാക്കൾ ഡിവിഷനിൽ പലവട്ടം പ്രചാരണത്തിന് ഇറങ്ങിയെങ്കിലും വോട്ടർമാരിൽ ചലനം ഉണ്ടാക്കാനായില്ല. യൂത്ത് കോണ്ഗ്രസ് ബത്തേരി നിയോജകമണ്ഡലം ഇലക്റ്റഡ് വൈസ് പ്രസിഡന്റും യൂത്ത് കെയർ ജില്ലാ കോ ഓർഡിനേറ്ററുമായിരുന്ന ലിന്റോ കോണ്ഗ്രസ് വിട്ടാണ് മത്സരത്തിനിറങ്ങിയത്.
2,270 വോട്ടാണ് തിരുനെല്ലിയിൽ സിപിഎമ്മിലെ കെ.ആർ. ജിതിന്റെ ഭൂരിപക്ഷം. 12,179 വോട്ട് അദ്ദേഹത്തിനു ലഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാണ് ജിതിൻ. കോണ്ഗ്രസിലെ ഫിലിപ്പ് ജോർജ് 9,909 വോട്ട് നേടി. ബിജെപിയിലെ കെ. മോഹൻദാസിന് 3,189 ഉം ബിഎസ്പിയിലെ ഗോപകുമാറിന് 524 ഉം വോട്ട് കിട്ടി. പനമരം പട്ടികവർഗ വനിതാ സംവരണ ഡിവിഷനിൽ 1,764 വോട്ട് ഭൂരിപക്ഷത്തിനാണ് കോണ്ഗ്രസിലെ ബീന സജി വിജയിച്ചത്. ബീനയ്ക്ക് 9,398 വോട്ട് ലഭിച്ചു. സിപിഎമ്മിലെ അനീറ്റ ഫെലിക്സ് 7,634 വോട്ട് നേടി. ബിജെപിയിലെ രമ വിജയൻ 3,967 വോട്ട് കരസ്ഥമാക്കി. മുട്ടിൽ ഡിവിഷനിൽ മുസ്ലിം ലീഗിലെ ടി.കെ. നസീമയ്ക്ക് 1,838 വോട്ടാണ് ഭൂരിപക്ഷം. 11,899 വോട്ട് കോണി അടയാളത്തിൽ വീണു. സിപിഎമ്മിലെ കെ ഹസീന 10051 വോട്ട് നേടി. ബിജെപിയിലെ ഹേമലത വിശ്വനാഥന് 3365 വോട്ട് ലഭിച്ചു.
വൈത്തിരി ഡിവിഷനിൽ കോണ്ഗ്രസിലെ ചന്ദ്രിക കൃഷ്ണൻ 1,023 വോട്ടിന് വിജയിച്ച് ഇടതുപക്ഷത്തെ ഞെട്ടിച്ചു. എൽഡിഎഫ് വിജയം സുനിശ്ചിതമെന്ന് കരുതിയ ഡിവിഷനാണ് വൈത്തിരി. ചന്ദ്രികയ്ക്ക് 13,994 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ അനസ് റോസ്ന സ്റ്റെഫി 12,971 വോട്ട് നേടി. ചന്ദ്രിക കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അനസ് റോസ്ന പൊഴുതന പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. ബിജെപിയിലെ സിന്ധു ആയിരവീട്ടിൽ 3,257 വോട്ട് നേടി.
എടവക ഡിവിഷനിൽ 1,579 വോട്ടിനാണ് കോണ്ഗ്രസിലെ ജിത്സൻ തൂപ്പുംകര വിജയിച്ചത്. 10,246 വോട്ട് ജിൽസനു ലഭിച്ചു. സിപിഎമ്മിലെ ജസ്റ്റിൻ ബേബി 8,667 വോട്ട് നേടി. ബിജെപിയിലെ അമൃത്രാജ് ജോർജിന് 2,606 വോട്ട് ലഭിച്ചു. കാലാവധി പൂർത്തിയായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷനാണ് ജസ്റ്റിൻ ബേബി. വെള്ളമുണ്ടയിൽ മുസ്ലിംലീഗിലെ സൽമ മോയിക്ക് 2,219 വോട്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. 10,290 വോട്ട് അവർക്ക് കിട്ടി. സിപിഎമ്മിലെ സുധി രാധാകൃഷ്ണൻ 8,071 വോട്ട് പിടിച്ചു. ബിജെപിയിലെ ശ്രീജിത 3,999 വോട്ട് നേടി.
കോണ്ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം ചർച്ചയായി
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ചർച്ചയായി. കൽപ്പറ്റ നഗരസഭയിലെയും പുൽപ്പള്ളി പഞ്ചായത്തിലെയും തോൽവി, പൂതാടി പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന സാഹചര്യം, പൂതാടി ബ്ലോക്ക് ഡിവിഷനിൽ സംഷാദ് മരക്കാറുടെ തോൽവി എന്നിവയാണ് ചർച്ചാവിഷയമായത്.
ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിട്ടും കൽപ്പറ്റ നഗരസഭ യുഡിഎഫിന് നിലനിർത്താനായില്ല. നഗരസഭയിലെ 30 ഡിവിഷനുകളിൽ 11 എണ്ണമാണ് യുഡിഎഫിന് നേടാനായത്.
കോണ്ഗ്രസ് കോട്ടയെന്നു ഖ്യാതിയുള്ള പുൽപ്പള്ളി പഞ്ചായത്തിൽ ഭരണം എൽഡിഎഫ് പിടിച്ചു. ദേശവാസികളായ കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ഡി. സജി, എൻ.യു. ഉലഹന്നാൻ തുടങ്ങിയവർ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ശ്രദ്ധ ചെലുത്തിയിട്ടും യുഡിഎഫിന് ഭരണനഷ്ടം സംഭവിച്ചു. 21 വാർഡുകളിൽ ഒന്പത് എണ്ണത്തിൽ വിജയിച്ച എൽഡിഎഫ് ഭൂരിപക്ഷം നേടി.
പഞ്ചായത്തിൽ കോണ്ഗ്രസിനു വലിയ മേൽക്കൈയുള്ളതിൽ കോളറാട്ടുകുന്ന് വാർഡിൽ ബിജെപിയും മൂഴിമലയിൽ സിപിഐയും വിജയിച്ചു. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ വിവാദത്തെത്തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച കെ.കെ. ഏബ്രഹാമും പുൽപ്പള്ളി സ്വദേശിയാണ്. ഇദ്ദേഹവും ഒപ്പം നിൽക്കുന്നവരും തിരശീലയ്ക്കു പിന്നിൽ നടത്തിയ നീക്കങ്ങൾ പുൽപ്പള്ളിയിൽ ഭരണം കൈവിട്ടുപോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നവർ യുഡിഎഫ് നിരയിലുണ്ട്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പഞ്ചായത്താണ് ഇടതു, വലതു മുന്നണികൾക്ക് ഭൂരിപക്ഷമില്ലാത്ത പൂതാടി. 23 വാർഡുകളുള്ള ഇവിടെ യുഡിഎഫിനു സ്വതന്ത്രർ അടക്കം 10 സ്ഥാനാർഥികളെയാണ് വിജയിപ്പിക്കാനായത്. എൽഡിഎഫ് നിരയിലും സ്വതന്ത്രർ അടക്കം 10 പേർ വിജയിച്ചു. മൂന്നു വാർഡുകളിൽ ബിജെപിയാണ് നേടിയത്.
യുഡിഎഫ് മുൻ ജില്ലാ കണ്വീനർ കെ.കെ. വിശ്വനാഥനും പൂതാടി നിവാസിയാണ്.
പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫിലെ സംഷാദ് മരക്കാർ തോറ്റതും കോണ്ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയായാണ് പ്രവർത്തകരിൽ ചിലർ കാണുന്നത്. കാലാവധി പൂർത്തിയായ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാണ് സംഷാദ്. പൂതാടി ഡിവിഷനിൽ കോണ്ഗ്രസ് വിമതൻ ബിനു ജേക്കബാണ് വിജയിച്ചത്.
ജില്ലാ പഞ്ചായത്ത്: എൻഡിഎ നേടിയത് 65,469 വോട്ട്
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലുമായി എൻഡിഎ നേടിയത് 65,469 വോട്ട്. കേണിച്ചിറ ഡിവിഷനിലാണ് കൂടുതൽ വോട്ട് താമര അടയാളത്തിൽ പതിഞ്ഞത്-5,776. ഡിവിഷനിൽ യുഡിഎഫിന് 8,836 ഉം എൽഡിഎഫിന് 7,975 ഉം വോട്ട് കിട്ടി. എടവക ഡിവിഷനിലാണ് ബിജെപിക്കും സഖ്യകക്ഷികൾക്കു കുറവ് വോട്ട്. ഇവിടെ 2,606 വോട്ടാണ് നേടാനായത്. എടവകയിൽ യുഡിഎഫിന് 10,246 ഉം എൽഡിഎഫിന് 8,667 ഉം വോട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളിലുമായി 4,29,470 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ എൽഡിഎഫിന് 1,59,311 ഉം യുഡിഎഫിന് 2,00,483 ഉം വോട്ട് കിട്ടി. എസ്ഡിപിഐ, എഎപി, ബിഎസ്പി, സ്വതന്ത്ര സ്ഥാനാർഥികൾ 4,207 വോട്ട കരസ്ഥമാക്കി. 41,172 ആണ് യുഡിഎഫ്-എൽഡിഎഫ് വോട്ട് അന്തരം.
കേരള കോണ്ഗ്രസ്-എമ്മിന് വയനാട്ടിൽ ഒരേ ഒരു സീറ്റ്, ഭൂരിപക്ഷം ഒരു വോട്ട്
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളൻകൊല്ലി പട്ടികവർഗ വനിതാ സംവരണ ഡിവിഷനിലടക്കം ഡസനോളം സീറ്റുകളിൽ മത്സരിച്ച കേരള കോണ്ഗ്രസ്-എമ്മിന് ജില്ലയിൽ നേട്ടമുണ്ടാക്കാനായില്ല. ബത്തേരി മുനിസിപ്പാലിറ്റിയിലെ തിരുനെല്ലി ഡിവിഷനിൽ ജനവിധി തേടിയ ടോം ജോസ് മാത്രമാണ് വിജയിയായത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ടോമിന്റെ വിജയം. പോൾ ചെയ്തതിൽ 406 വോട്ട് ടോമിനു ലഭിച്ചു. കോണ്ഗ്രസിലെ റിനു ജോണ് 405 വോട്ട് നേടി. ബിജെപിയിലെ എൻ.എം. ബാബുരാജിന് 50 വോട്ട് ലഭിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയിലെ വിജയികൾ
ഡിവിഷന്റെ പേര്, വിജയി, (മുന്നണി) ക്രമത്തിൽ: ആറാംമൈൽ- അഞ്ജലി ടീച്ചർ (എൽഡിഎഫ്), ചെതലയം- ഷെറീന അബ്ദുള്ള (യുഡിഎഫ്), ചേനാട്- സി.കെ. സത്യരാജ് (എൽഡിഎഫ്), വേങ്ങൂർ നോർത്ത്- കെ.കെ. മൊയ്തു (യുഡിഎഫ്), ഓടപ്പള്ളം- പ്രിയ വിനോദ് (എൽഡിഎഫ്), വേങ്ങൂർ സൗത്ത്- പി. സംഷാദ് (യുഡിഎഫ്), പഴേരി- സി. വിനോദ് (യുഡിഎഫ്), കരുവള്ളിക്കുന്ന്- പ്രീത രവി (യുഡിഎഫ്), അർമാട്- വിൻസി ബൈജു (സ്വതന്ത്രൻ), കോട്ടക്കുന്ന്- ലിഷ ടീച്ചർ (എൽഡിഎഫ്),
കിടങ്ങിൽ- സി.എം. അനിൽ (എൽഡിഎഫ്), കുപ്പാടി- സുപ്രിയ അനിൽകുമാർ (എൽഡിഎഫ്), തിരുനെല്ലി- ടോം ജോസ് (എൽഡിഎഫ്), മന്തണ്ടിക്കുന്ന്- രാധ രവീന്ദ്രൻ (യുഡിഎഫ്), സത്രംകുന്ന്- യു.പി. അബ്ദുൾ ഗഫൂർ (എൽഡിഎഫ്), ചേരൂർക്കുന്ന്- എം.ജി. ഇന്ദ്രജിത്ത് (യുഡിഎഫ്), പാളാക്കര- പ്രമോദ് പാളാക്കര (യുഡിഎഫ്), തേലന്പറ്റ- വി.എം. യൂനുസ് അലി (യുഡിഎഫ്),
തൊടുവട്ടി- രാധ മഹാദേവൻ (യുഡിഎഫ്), കൈപ്പഞ്ചേരി- വി.കെ. ഷിഫാനത്ത് (യുഡിഎഫ്), മൈതാനിക്കുന്ന്- ഷബർബാൻ (ബാനു പുളിക്കൽ) (യുഡിഎഫ്), ഫെയർലാന്റ്- രാധ ബാബു (യുഡിഎഫ്), സി കുന്ന്- റസീന അബ്ദുൾ ഖാദർ (യുഡിഎഫ്), കട്ടയാട്- നിഷ സാബു (യുഡിഎഫ്), സുൽത്താൻ ബത്തേരി- സുലഭി മോസസ് (യുഡിഎഫ്), പള്ളിക്കണ്ടി- ബൽക്കീസ് ഷൗക്കത്തലി (യുഡിഎഫ്), മണിച്ചിറ- ഫൗസിയ ടീച്ചർ (യുഡിഎഫ്), കല്ലുവയൽ- ലീല പാൽപ്പാത്ത് (യുഡിഎഫ്),
പൂമല- എം.എസ്. വിശ്വനാഥൻ (എൽഡിഎഫ്), ദൊട്ടപ്പൻക്കുളം- എ.പി. പ്രേഷിന്ത് (എൽഡിഎഫ്), ബീനാച്ചി- കെ.സി. യോഹന്നാൻ (എൽഡിഎഫ്), പൂതിക്കാട്- ബിന്ദു പ്രമോദ് (എൽഡിഎഫ്), ചീനപ്പുല്ല്- നൗഷാദ് മംഗലശ്ശേരി (സ്വതന്ത്രൻ), മന്തംകൊല്ലി- ഷേർലി കൃഷ്ണൻ (എൽഡിഎഫ്), പഴുപ്പത്തൂർ- ജെ.പി. ജയേഷ് (എൻഡിഎ), കൈവെട്ടാമൂല- ഹൈറുന്നീസ റിയാസ് (എൽഡിഎഫ്).
450 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ 259ലും യുഡിഎഫ്
കൽപ്പറ്റ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 23 ഗ്രാമപ്പഞ്ചായത്തിൽ ആകെയുള്ള 450 വാർഡുകളിൽ പകുതിയിലേറെ സീറ്റുകൾ യുഡിഎഫ് നേടി. 259 വാർഡുകളാണ് യുഡിഎഫിനു ലഭിച്ചത്. എൽഡിഎഫിന് ലഭിച്ചത് 167 വാർഡുകൾ. എൻഡിഎയ്ക്ക് 18, മറ്റുള്ളവർ ആറ് വാർഡുകളും നേടി.
യുഡിഎഫിന് ഇത്രയും വാർഡുകൾ ലഭിക്കുന്നത് ആദ്യമായാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ 59 വാർഡുകളിൽ 46 വാർഡുകളും യുഡിഎഫ് നേടി. എൽഡിഎഫിന് 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നഗരസഭകളിൽ ആകെ 104 സീറ്റുകളിൽ 53 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 46 സീറ്റുകളും എൻഡിഎ 3 സീറ്റുകളും നേടി.