കൊച്ചി: ഉയർന്ന വിപണനമൂല്യമുള്ള കടൽമത്സ്യമായ കലവ യുടെ(കടൽ കറുപ്പ്) വിത്തുത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്‌ഥാപനം (സിഎംഎഫ്ആർഐ) വിജയകരമായി പൂർത്തിയാക്കി. ഗൾഫ് നാടുകളിൽ ആമൂർ എന്ന പേരിൽ വിളിക്കപ്പെടുന്ന കലവയുടെ വിത്തുത്പാദനം ഇന്ത്യയിൽ ഇതാദ്യമായാണു വൻതോതിൽ വിജയകരമായി നടത്തുന്നത്. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണത്തുള്ള റീജണൽ സെന്ററിലാണു വിത്തുത്പാദനം നടത്തിയത്.

വിദേശനാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമാണു കലവ. എന്നാൽ, ആവശ്യമായ തോതിൽ കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവയുടെ കൃഷി ഇന്ത്യയിൽ നന്നേ കുറവായിരുന്നു. വിത്തുത്പാദനം വിജയകരമായതോടെ ഇനി ഇന്ത്യയിൽ ഇവ വൻതോതിൽ കൃഷിചെയ്ത് ഉത്പാദിക്കാനാകും. കടൽ കൂട് കൃഷിയിലൂടെ ഇവയുടെ ഉത്പാദനം വർധിപ്പിച്ചു കയറ്റുമതി നടത്താം.

ഏതു സാഹചര്യത്തിലും വളരാൻ കഴിയുന്നതിനാലും സ്വാദുള്ള മാംസമുള്ളതിനാലും ഇവയുടെ കൃഷിക്കു മികച്ച സാധ്യതയാണുള്ളതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.


കടലിൽനിന്നു ലഭിക്കുന്ന കലവ മത്സ്യത്തിനു കിലോഗ്രാമിനു 400 മുതൽ 450 രൂപവരെ ലഭിക്കുമ്പോൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവയ്ക്കു വിദേശവിപണിയിൽ മൂന്നും നാലും മടങ്ങ് അധികമാണു വില. ഗൾഫ് നാടുകളിലടക്കം ഏറെ പ്രിയപ്പെട്ട ഈ മത്സ്യം വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, തായ്വാൻ, ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽനിന്നാണു നിലവിൽ കൂടുതൽ കയറ്റുമതി ചെയ്യുന്നത്.

സീനിയർ സയന്റിസ്റ്റ് ഡോ. ശുഭദീപ് ഘോഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ തുടർച്ചയായ പരിശ്രമത്തിന്റെ ഭാഗമായാണു മികച്ച അതിജീവന നിരക്കോടെ കലവയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായത്.