സ്പാനിഷ് ലീഗ്: ബാഴ്സ കുതിപ്പ് തുടരുന്നു
Saturday, November 17, 2012 9:05 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ അപരാജിത കുതിപ്പ് തുടരുന്നു. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ റയല്‍ സരഗോസയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ബാഴ്സ വിജയത്തിനൊപ്പം പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തിയത്. കാമറൂണ്‍ താരം അലക്സ് സോംഗാണ് മെസിയ്ക്കൊപ്പം ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

പതിനാറാം മിനിറ്റില്‍ മെസിയാണ് ബാഴ്സയുടെ ഗോള്‍വേട്ടയ്ക്കു തുടക്കിമിട്ടത്. എന്നാല്‍ മിനിറ്റുകളുടെ ഇടവേളയില്‍ മൊണ്ടാനസിലൂടെ സരഗോസ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ ബാഴ്സയ്ക്കു ശക്തി പകര്‍ന്നു സോംഗ് സരഗോസയുടെ പോസ്റില്‍ വെടിപൊട്ടിച്ചു. ആദ്യ പകുതിയില്‍ തന്നെ 2-1ന്റെ ലീഡ് നേടിയ ബാഴ്സ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. അറുപതാം മിനിറ്റില്‍ മെസിയുടെ തകര്‍പ്പന്‍ ഗോളോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. സ്പാനിഷ് ലാ ലിഗയുടെ ഈ സീസണില്‍ മെസിയുടെ ഗോള്‍ നേട്ടം ഇതോടെ 17 ആയി. ജയത്തോടെ 12 കളികളില്‍ നിന്ന് 34 പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തൊട്ടുപിന്നിലുള്ള അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സയേക്കാള്‍ ആറു പോയിന്റ് പിന്നിലാണ്. 26 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.